ന്യൂഡല്‍ഹി: ഇന്ത്യയിലെ എക്കാലത്തെയും ഉയര്‍ന്ന താപനില 52.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി രാജ്യതലസ്ഥാനം. ഡല്‍ഹിയിലെ മുങ്കേഷ്പൂരിലെ താപനില നിരീക്ഷണ കേന്ദ്രം ഉച്ചയ്ക്ക് 2.30നാണ് 52.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. രാജസ്ഥാനില്‍ നിന്നുള്ള ചൂട് കാറ്റാണ് താപനില ഉയരാന്‍ കാരണമെന്നും ആദ്യം ബാധിക്കുന്ന പ്രദേശങ്ങളാണ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐഎംഡി) റീജ്യനല്‍ ഹെഡ് കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു. 'ഡല്‍ഹിയുടെ ചില ഭാഗങ്ങള്‍ ഉഷ്ണക്കാറ്റിന്റെ നേരത്തെയുള്ള വരവിന് പ്രത്യേകിച്ചും ഇരയാകുന്നു. ഇതിനകം തന്നെ രൂക്ഷമായ കാലാവസ്ഥയെ കൂടുതല്‍ വഷളാക്കുന്നു. മുംഗേഷ്പൂര്‍, നരേല, നജഫ്ഗഡ് തുടങ്ങിയ പ്രദേശങ്ങളാണ് ചൂടു കാറ്റിന്റെ ശക്തി ആദ്യം അനുഭവിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
2002ലെ റെക്കോര്‍ഡ് ആയ 49.2 ഡിഗ്രി സെല്‍ഷ്യസിനെയാണ് ഇന്ന് മറികടന്നത്. പൊടുന്നനെ കാര്‍മേഘങ്ങള്‍ മിന്നിമറയുന്നതും കാണുന്നുണ്ട്. ബുധനാഴ്ച വൈകീട്ടോടെ ഡല്‍ഹിയില്‍ മഴ പെയ്തിരുന്നു. താപനില വര്‍ധിച്ചതുകാരണം 30 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഡല്‍ഹിയില്‍ ഐഎംഡിയും ആരോഗ്യ അറിയിപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉഷ്ണരോഗവും ഹീറ്റ് സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ദുര്‍ബലര്‍ അതീവ ശ്രദ്ധ ആവശ്യമാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ചൂട് കൂടുന്നത് ഇന്ത്യയ്ക്ക് അപരിചിതമല്ല. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങള്‍ ദൈര്‍ഘ്യമേറിയതും ഇടയ്ക്കിടെയുള്ളതും കൂടുതല്‍ തീവ്രവുമാവുന്നതിന് കാരണമാവുന്നതായി ശാസ്ത്രീയ ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ താമസക്കാര്‍ എസി ഓണാക്കിയതിനാല്‍ ദേശീയ തലസ്ഥാനം അതിന്റെ എക്കാലത്തെയും ഉയര്‍ന്ന ഊര്‍ജോപയോഗമായ 8,302 മെഗാവാട്ട് ആണ് റിപോര്‍ട്ട് ചെയ്തതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരുഭൂമി സംസ്ഥാനമായ രാജസ്ഥാനിലാണ് ഉയര്‍ന്ന താപനില റിപോര്‍ട്ട് ചെയ്ത മറ്റ് പ്രദേശങ്ങള്‍. ഫലോഡിയില്‍ 51 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഹരിയാനയിലെ സിര്‍സയില്‍ 50.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അറബിക്കടലില്‍ നിന്നുള്ള നനഞ്ഞ കാറ്റ് വീശുന്നത് കാരണം തെക്കന്‍ രാജസ്ഥാന്‍ ജില്ലകളായ ബാര്‍മര്‍, ജോധ്പൂര്‍, ഉദയ്പൂര്‍, സിരോഹി, ജലോര്‍ എന്നിവിടങ്ങളില്‍ ഇന്ന് 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഇടിവ് രേഖപ്പെടുത്തി. ഇത് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ചൂട് തരംഗം കുറയുന്നതിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. മെയ് 30 മുതല്‍ ഉഷ്ണ തരംഗത്തില്‍ നിന്ന് ക്രമേണ ആശ്വാസമുണ്ടാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. കൂടാതെ, വ്യാഴാഴ്ച മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള കാറ്റ് ഉത്തര്‍പ്രദേശിലും താപനിലയില്‍ ക്രമാനുഗതമായ ഇടിവിന് കാരണമാവും.