ഡല്‍ഹി മദ്യനയ അഴിമതി: മലയാളിയായ വിജയ് നായര്‍ അറസ്റ്റില്‍, മുഖ്യ ആസൂത്രകനെന്ന് സിബിഐ
ഡല്‍ഹിയിലെ മദ്യനയ കേസിലെ ആദ്യ അറസ്റ്റാണിത്. ചൊവ്വാഴ്ച സിബിഐ ഓഫിസില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ മദ്യ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടുകളിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയായ മലയാളി അറസ്റ്റില്‍. ഒണ്‍ലി മച്ച് ലൗഡര്‍ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുന്‍ സിഇഒയുമായ വിജയ് നായരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ മദ്യനയ കേസിലെ ആദ്യ അറസ്റ്റാണിത്. ചൊവ്വാഴ്ച സിബിഐ ഓഫിസില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ മദ്യ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടുകളിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.
അഴിമതിയുടെ മുഖ്യ ആസൂത്രകന്‍ ഇയാളാണെന്നാണ് സിബിഐ പറയുന്നത്. മദ്യനയം രൂപീകരിച്ചതില്‍ 38കാരനായ വിജയ് നായര്‍ക്ക് മുഖ്യ പങ്കുണ്ടെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. വിജയ് നായര്‍ വഴിയാണ് മദ്യക്കച്ചവട ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയതെന്നാണ് സിബിഐയുടെ ആരോപണം. ആരോപണ വിധേയരില്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്തയാളും ഉദ്യോഗസ്ഥനോ മദ്യവ്യാപാരിയോ അല്ലാത്ത ഒരേയൊരു വ്യക്തിയും വിജയ് നായരാണ്.
അതേസമയം, താന്‍ രാജ്യം വിട്ടുവെന്ന ആരോപണങ്ങള്‍ 38കാരനായ വിജയ് നായര്‍ കഴിഞ്ഞ മാസം തള്ളിയിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോയതാണെന്നും നായര്‍ പറഞ്ഞിരുന്നു. നിരവധി സ്റ്റാന്‍ഡ്അപ്പ് കോമഡിയന്‍മാരുമായും അവരുമായി ബന്ധപ്പെട്ട കമ്പനികളുമായും അടുത്ത ബന്ധമുള്ളയാളാണ് വിജയ് നായര്‍. സംഗീതോത്സവങ്ങളായ ഇന്‍വേഷന്‍ ഫെസ്റ്റിവല്‍, ബകാര്‍ഡി എന്‍എച്ച് 7 വീക്കെന്‍ഡര്‍, എന്നിവയുടെയും ടെലിവിഷന്‍ ഷോ ആയ ദ ദേവറിസ്റ്റ്റ്റ്‌സിന്റെയും സംഘാടകനാണ്.
എന്നാല്‍, സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി പ്രതികരിച്ചു. കേസില്‍ മനീഷ് സിസോദിയയും വിജയ് നായരും ഉള്‍പ്പെടെ 14 പേരാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍. നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് ഡല്‍ഹി മദ്യ നയ അഴിമതി കേസ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം മനീഷ് സിസോദിയയുടെ വസതിയില്‍ ഉള്‍പ്പെടെ 21 ഇടത്ത് സിബിഐ റെയ്ഡ് നടത്തിയിരുന്നു.