പ്രവാചക നിന്ദ;ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസ്
ഏകദേശം 500ഓളം ആളുകളാണ് വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരത്തിന് ശേഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തില്‍ പങ്കെടുത്തത
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ ബിജെപി നേതാക്കളായ നുപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രചരണങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം നടന്നത്. ഏകദേശം 500ഓളം ആളുകളാണ് വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരത്തിന് ശേഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തില്‍ പങ്കെടുത്തത്.പ്രതിഷേധക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (സെന്‍ട്രല്‍) ശ്വേത ചൗഹാന്‍ പറഞ്ഞു.പള്ളിയുടെ കവാടത്തിനരികെ സമാധാനപരമായാണ് പ്രതിഷേധം നടന്നതെന്ന് പോലിസ് വ്യക്തമാക്കി.നിലവില്‍ ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് നൂപുര്‍ ശര്‍മയെ നേരത്തേ ബിജെപിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. നൂപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡല്‍, എഐഎംഐഎം തലവന്‍ അസറുദ്ദീന്‍ ഉവൈസി, മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, വിവാദ സന്യാസി യതി നരസിംഹാനന്ദ് തുടങ്ങി 32 പേര്‍ക്കെതിരെ ഡല്‍ഹി പോലിസ് കേസ് റജിസ്റ്റര്‍ ചെയ്തു.
അതേസമയം തന്നെ പ്രവാചക നിന്ദക്കെതിരേ ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ച ആളുകള്‍ക്കെതിരെയും നിലവില്‍ പോലിസ് നടപടി സ്വീകരിച്ചിട്ടുണ്ട്. 227 പേരെയാണ് ആറു ജില്ലകളില്‍ നിന്നായി പോലിസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാന്‍ സര്‍ക്കാര്‍ പോലിസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.