ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്; യെച്ചൂരിയുടെ വീട്ടിലും പരിശോധന

Update: 2023-10-03 05:45 GMT

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ 'ന്യൂസ്‌ക്ലിക്കി'നെതിരെ ഡല്‍ഹി പോലിസ് യുഎപിഎ നിയമപ്രകാരം കേസെടുത്തതിനു പിന്നാലെ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ്. ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരന്‍ യെച്ചൂരിയുടെ വസതിയില്‍ താമസിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവിടെ പരിശോധനയെന്നാണ് പോലിസ് ഭാഷ്യം. പ്രഭിര്‍ പുര്‍കയാസ്ഥ, അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിങ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ്, സഞ്ജയ് രജൗര, സൊഹൈല്‍ ഹഷ്മി എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. പലരുടെയും ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായും ആരോപണമുണ്ട്. ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഏതാനും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്ടുകളുണ്ട്. ന്യൂസ് ക്ലിക്കിന് ചൈനീസ് സഹായം ലഭിക്കുന്നുണ്ടെന്ന ബിജെപി ആരോപണത്തിന് പിന്നാലെയാണ് റെയ്ഡ്. രാജ്യത്തിനെതിരേ അപവാദപ്രചാരണം നടത്താന്‍ ന്യൂസ് ക്ലിക്കിന് ചൈനീസ് സഹായം ലഭിച്ചെന്നായിരുന്നു ബിജെപിയുടെ ആരോപണം. മാസങ്ങള്‍ക്കു മുമ്പ് ഇഡിയും ന്യൂസ് ക്ലിക്കിനെതിരേ കേസെടുക്കുകയും പരിശോധന നടത്തി വിവിധ രേഖകള്‍ കൊണ്ടുപോവുകയും ചെയ്തിരുന്നു. പരിശോധനയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭ്യമാക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.

Tags:    

Similar News