ഡല്‍ഹിയിലെ മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യാ അതിക്രമം; മസ്ജിദ് കത്തിച്ച കേസില്‍ പിതാവിനും മകനുമെതിരെ കോടതി കുറ്റം ചുമത്തി
2020 ഫെബ്രുവരി 25ന് ഡല്‍ഹിയിലെ ഖജൂരി ഖാസ് പരിസരത്തെ മസ്ജിദ് അഗ്നിക്കിരയാക്കിയ ജനക്കൂട്ടത്തിന്റെ ഭാഗമായിരുന്ന മിഥന്‍ സിംഗ്, മകന്‍ ജോണി കുമാര്‍ എന്നിവര്‍ക്കെതിരേയാണ് തീവെപ്പ്, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കോടതി കുറ്റം ചുമത്തിയത്.
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ് ലിംകള്‍ക്കെതിരേ നടന്ന വംശഹത്യാ അതിക്രമത്തിനിടെ പെട്രോള്‍ ബോംബ് എറിഞ്ഞ് മസ്ജിദ് കത്തിച്ച കേസില്‍ പിതാവിനും മകനുമെതിരെ ഡല്‍ഹി കോടതി കുറ്റം ചുമത്തി. 2020 ഫെബ്രുവരി 25ന് ഡല്‍ഹിയിലെ ഖജൂരി ഖാസ് പരിസരത്തെ മസ്ജിദ് അഗ്നിക്കിരയാക്കിയ ജനക്കൂട്ടത്തിന്റെ ഭാഗമായിരുന്ന മിഥന്‍ സിംഗ്, മകന്‍ ജോണി കുമാര്‍ എന്നിവര്‍ക്കെതിരേയാണ് തീവെപ്പ്, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കോടതി കുറ്റം ചുമത്തിയത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ട് ആണ് ഇരുവര്‍ക്കുമെതിരേ കുറ്റം ചുമത്തിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിലും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിലും കാലതാമസമുണ്ടായതിനാല്‍ തങ്ങളെ വെറുതെ വിടണമെന്ന പ്രതികളുടെ വാദങ്ങളും കോടതി തള്ളി.
ഈ കാരണങ്ങളാല്‍ വെറുതെ വിടണമെന്ന് ഒരു പ്രതിക്കും അവകാശപ്പെടാനാവില്ലെന്നും ഭട്ട് പറഞ്ഞു. കലാപത്തിന് ശേഷം ദിവസങ്ങളോളം പ്രദേശത്ത് ഭീകരതയുടെയും ആഘാതത്തിന്റെയും അന്തരീക്ഷം നിലനിന്നിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്ത്, സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാഴ്ചയോളം വൈകിയത് ന്യായമാണെന്നും കോടതി പറഞ്ഞു.
2020 ഫെബ്രുവരി 25 ന് തന്റെ വീടിന് സമീപം 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുകയും തീകൊളുത്തുകയും ചെയ്ത ജനക്കൂട്ടത്തില്‍ അച്ഛനും മകനും ഉണ്ടായിരുന്നുവെന്ന് ഇസ്രാഫില്‍ എന്ന് പേരുള്ള പരാതിക്കാരന്‍ ആരോപിച്ചു.
രക്ഷപ്പെടാന്‍ ഫാത്തിമ മസ്ജിദില്‍ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതനായതായും ഇസ്രാഫില്‍ പറഞ്ഞു. ജനക്കൂട്ടം മസ്ജിദിനും നാശനഷ്ടം വരുത്തിയെന്നും തീവെച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്രമത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പള്ളിയിലേക്ക് എറിയാനും മിഥന്‍ സിംഗ് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇസ്രാഫില്‍ പറഞ്ഞു.ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് നേരെ അച്ഛനും മകനും തീപിടിക്കുന്ന വസ്തുക്കള്‍ നിറച്ച കുപ്പികള്‍ വലിച്ചെറിഞ്ഞതായും പരാതിക്കാരന്‍ ആരോപിച്ചു.
ഫാത്തിമ മസ്ജിദിന് കേടുപാടുകള്‍ വരുത്തുകയും വീടുകള്‍ കത്തിക്കുകയും ചെയ്ത ജനക്കൂട്ടത്തില്‍ രണ്ട് പ്രതികളെയും സാക്ഷികളായ മുഹമ്മദ് തയ്യൂബ്, മെഹബൂബ് ആലം, ഷാദാബ്, മുഹമ്മദ് അക്രം എന്നിവരും കണ്ടതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.സാക്ഷികളും പ്രതികളും ഒരേ പ്രദേശത്ത് താമസിക്കുന്നതിനാല്‍ പരസ്പരം അറിയാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ 147, 436, 148, 149 വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താമെന്ന് കോടതി വ്യക്തമാക്കി.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 392 (കവര്‍ച്ച), 451 (വീട്ടില്‍ അതിക്രമിച്ച് കടക്കല്‍), 427 വകുപ്പുകളും പിതാവിനും മകനുമെതിരെ ചുമത്തിയിട്ടുണ്ട്.
2020 ഫെബ്രുവരി 23നും ഫെബ്രുവരി 26നും ഇടയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 53 പേരാണ് കൊല്ലപ്പെട്ടത്.