ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ് ലിം വിരുദ്ധ കലാപത്തിന്റെ പേരില്‍ പോലിസ് ജയിലിലടച്ച പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് കോടതിയുടെ ജാമ്യം. 15,000 രൂപ ജാമ്യ ബോണ്ട് വ്യവസ്ഥയിലാണ് മുസ് ലിം കൗമാരക്കാരന് കര്‍ക്കാര്‍ദുമ കോടതി ജാമ്യം അനുവദിച്ചത്. തെളിവുകള്‍ നശിപ്പിക്കരുതെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സലീം അഹ് മദും കുറ്റാരോപിതനു വേണ്ടി അഡ്വ. അബ്ദുല്‍ ഗഫാറും ഹാജരായി. കസ്റ്റഡി കാലയളവും കേസിലെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ പ്രതിയുടെ ജാമ്യാപേക്ഷ അംഗീകരിക്കുന്നുവെന്നാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് അഭിപ്രായപ്പെട്ടത്.
കലാപം, നിയമവിരുദ്ധമായി സംഘടിക്കല്‍, വധശ്രമം, പൊതുപ്രവര്‍ത്തകന്റെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് 17 വയസ്സുകാരനെതിരേ പോലിസ് കേസെടുത്തത്. ആയുധ നിയമപ്രകാരം ആയുധങ്ങളോ വെടിക്കോപ്പുകളോ ഉപയോഗിച്ചെന്നും ആരോപിച്ചിരുന്നു. പരിക്കേറ്റ ഒരാള്‍ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി ഡല്‍ഹിയിലെ ജാഫറാബാദ് വെല്‍ക്കം പോലിസ് സ്റ്റേഷന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. 2020 ഫെബ്രുവരി 25ന് കബീര്‍ നഗര്‍ പുലിയയ്ക്കടുത്തെത്തിയപ്പോള്‍ തന്നെ പിടികൂടാന്‍ ചിലര്‍ ഓടിയെത്തിയെന്നായിരുന്നു പരിക്കേറ്റ സാജിദ് എന്നയാള്‍ പോലിസിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് തന്റെ റിക്ഷ ഉപേക്ഷിച്ച് മറുവശത്തേക്ക് ഓടാന്‍ നിര്‍ബന്ധിതനായെന്നും എന്തോ അസ്വാഭാവകമായത് സംഭവിച്ചെന്നുമായിരുന്നു പറഞ്ഞത്. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വെടിയുണ്ടയാണെന്ന് ഡോക്ടര്‍ പറഞ്ഞത്. വെല്‍ക്കം പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനാണ് 17കാരനായ വിദ്യാര്‍ഥിക്ക് സംഭവത്തിലെ പങ്ക് സമ്മതിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, രേഖപ്പെടുത്തിയിട്ടുള്ള തെളിവുകള്‍ പ്രതിയെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കേസില്‍ പ്രതിയുടെ പങ്കിനെ കുറിച്ച് ദൃക്സാക്ഷികളില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 17 കാരന്‍ 2020 ഏപ്രില്‍ 19 മുതല്‍ ജയിലില്‍ കഴിയുകയാണെന്നും രണ്ട് പ്രതികള്‍ക്കു മുമ്പ് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
Delhi riots: Court grants bail to 17-year old student