ഡല്‍ഹി വംശഹത്യാ അതിക്രമം; പോലിസ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ച കേസില്‍ അന്വേഷണം വൈകുന്നതിനെതിരേ ഹൈക്കോടതി
ഫൈസാന്‍ എന്ന യുവാവ് പരിക്കുകളോടെ നിലത്ത് കിടക്കുന്നതും പോലിസ് യൂനിഫോം ധാരികളായ ചിലര്‍ വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ സംഭവത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ന്യൂഡല്‍ഹി: 2020ല്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമത്തിനിടെ 23കാരനെ വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതികളായ പോലിസുകാര്‍ക്കെതിരേയുള്ള അന്വേഷണത്തിലെ കാലതാമസത്തിനെതിരേ വിമര്‍ശനമുയര്‍ത്തി ഡല്‍ഹി ഹൈക്കോടതി. അക്രമത്തിനിടെ പരിക്കേറ്റ യുവാവ് പിന്നീട് മരണത്തിന് കീഴടങ്ങിയിരുന്നു.
ഫൈസാന്‍ എന്ന യുവാവ് പരിക്കുകളോടെ നിലത്ത് കിടക്കുന്നതും പോലിസ് യൂനിഫോം ധാരികളായ ചിലര്‍ വന്ദേമാതരവും ദേശീയ ഗാനവും ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ സംഭവത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കേസില്‍, ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ പോലിസ് തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍, രണ്ടു വര്‍ഷത്തോളമായിട്ടും കേസ് അന്വേഷണം ഇഴയുകയാണ്. സംഭവത്തില്‍ ജസ്റ്റിസ് മുക്ത ഗുപ്തയുടെ സിംഗിള്‍ ബെഞ്ച് ചൊവ്വാഴ്ച ഡല്‍ഹി പോലിസിനെ കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ വിശദമായ തല്‍സ്ഥിതി റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഫൈസാന്റെ അമ്മ കിസ്മത്തൂണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഡല്‍ഹി പോലിസിനെതിരേ നിശിത വിമര്‍ശനമുയര്‍ത്തിയത്.
പോലിസ് തന്റെ മകനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും പോലിസ് മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ മകന് ചികില്‍സ നിഷേധിച്ചെന്നും അതിനാല്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയെന്നും കിസ്മത്തൂണ്‍ ഹരജിയില്‍ ആരോപിച്ചു. കലാപത്തിനിടെ വൈറലായ വീഡിയോ കണ്ടെത്താന്‍ വൈകിയതിനെയും കോടതി ചോദ്യം ചെയ്തു.
2020 ഫെബ്രുവരിയിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായ കലാപം അഴിച്ചുവിട്ടത്. സംഘര്‍ഷങ്ങളില്‍ 50ല്‍ അധികം പേരാണ് മരിച്ചത്.