ഡല്‍ഹി കലാപം: ഐഎസ്‌ഐയ്ക്കും ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കും പങ്കെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശം

നേരത്തേ, സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലെല്ലാം സിഖ് മത വിശ്വാസികളുടെ വന്‍ പിന്തുണയുണ്ടായിരുന്നു. ഇത് സംഘപരിവാരത്തെ വിറളി പിടിപ്പിച്ചതിനു പിന്നാലെയാണ് കുറ്റപത്രത്തില്‍ സിഖുകാരെ കൂടി പ്രതിചേര്‍ത്തതെന്നാണു സൂചന.

Update: 2020-09-25 14:01 GMT
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഐഎസ് ഐ, ഖാലിസ്ഥാന്‍ പ്രസ്ഥാനം, സിഖ് പ്രക്ഷോഭകര്‍ എന്നിവര്‍ക്കു പങ്കുണ്ടെന്ന് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശം. യുഎപിഎ ചുമത്തി പ്രതിചേര്‍ക്കപ്പെട്ട അതാര്‍ ഖാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രത്തില്‍ മൂന്ന് സംഘടനകളുടെയും പേര് പരാമര്‍ശിച്ചതെന്നാണു റിപോര്‍ട്ട്. നേരത്തേ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, സിപി ഐ നേതാവ് ആനി രാജ, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, സുപ്രിംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും പോലിസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു.

    ആഗസ്ത് 25ന് അതാര്‍ ഖാന്‍ പോലിസിന് നല്‍കിയ കുറ്റസമ്മത മൊഴിയിലാണ് പാകിസ്താന്‍ ഐഎസ്‌ഐ, ഖാലിസ്ഥാന്‍ പ്രസ്ഥാന അനുയായികളുടെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങള്‍ ഉള്ളതെന്നാണ് റിപോര്‍ട്ടിലുള്ളത്. എന്നാല്‍, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് പ്രകാരം പോലിസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴി തെളിവായി അംഗീകരിക്കാനാവില്ല. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ തെളിയിക്കാന്‍ ുപയോഗിക്കാമെന്നല്ലാതെ, ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്കെതിരേ ഉപയോഗി   ക്കാന്‍ കഴിയില്ല.

    ഫെബ്രുവരി 10നും 11നും തന്റെ പരിചയക്കാരിലൊരാളായ റിസ് വാന്‍ സിദ്ദിഖി തന്നോടും മറ്റുള്ളവരോടും ഖാലിസ്ഥാന്‍ പ്രസ്ഥാന അനുയായികളായ ബാഗിച്ച സിങ്, ലവ്പ്രീത് സിങ് എന്നിവരെ ശാഹീന്‍ ബാഗ് പ്രതിഷേധ സ്ഥലത്ത് സന്ദര്‍ശിച്ചതായി 25കാരനായ കുറ്റാരോപിതന്‍ പറഞ്ഞെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇന്ത്യയ്‌ക്കെതിരായ ദൗത്യത്തിനു പാകിസ്താന്‍ ഐഎസ്‌ഐയുടെ പിന്തുണയുണ്ടെന്ന് ബാഗിച്ച സിങും ലവ്പ്രീത് സിങും അവകാശപ്പെട്ടിരുന്നുവെന്നും ഖാലിസ്ഥാന്‍ അനുകൂലികള്‍ സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധത്തെ പിന്തുണയ്ക്കണമെന്നും സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ ജനങ്ങളെ സഹായിക്കണമെന്നും സന്ദേശം അയച്ചിട്ടുണ്ടെന്നും അതാഥര്‍ ഖാന്‍ പറഞ്ഞെന്നാണ് പോലിസ് പറയുന്നത്. കലാപത്തില്‍ ഞങ്ങളെ പിന്തുണയ്ക്കുമെന്ന് ഖാലിസ്ഥാന്‍ പ്രസ്ഥാന പിന്തുണക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവരില്‍ ഒരാളെ ഞങ്ങളുടെ പ്രതിഷേധ സ്ഥലത്തേക്ക് അയക്കുമെന്നും റിസ് വാന്‍ ഞങ്ങളോട് പറഞ്ഞു. 8, 10 ദിവസത്തിന് ശേഷം ഒരു ജബര്‍ജങ് സിങ് എന്നയാള്‍ ചാന്ദ് ബാഗിലെ പ്രതിഷേധ സ്ഥലത്തെത്തി ബാഗിച്ച സിങ് അയച്ചതാണെന്ന് പറഞ്ഞു. സര്‍ക്കാരിനെതിരേ പ്രതിഷേധ പരിപാടിയുടെ വേദിയില്‍ കയറി പ്രസംഗിച്ചതായും അതാര്‍ ഖാന്‍ മൊഴി നല്‍കിയെന്നാണ് പോലിസ് പറയുന്നത്. നേരത്തേ, സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിലെല്ലാം സിഖ് മത വിശ്വാസികളുടെ വന്‍ പിന്തുണയുണ്ടായിരുന്നു. ഇത് സംഘപരിവാരത്തെ വിറളി പിടിപ്പിച്ചതിനു പിന്നാലെയാണ് കുറ്റപത്രത്തില്‍ സിഖുകാരെ കൂടി പ്രതിചേര്‍ത്തതെന്നാണു സൂചന. അതേസമയം, വിദ്വേഷ പ്രസംഗത്തിലൂടെ കലാപം ആളിക്കത്തിക്കാന്‍ സഹായിച്ചെന്ന് ആരോപണമുയര്‍ന്ന ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരേ കുറ്റപത്രത്തില്‍ പരാമര്‍ശം പോലുമില്ലാത്തത് പോലിസിന്റെ ഇരട്ടത്താപ്പിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

    ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ത്താണ് ജൂലൈ 2ന് ചാന്ദ് ബാഗ് പ്രദേശവാസിയായ അതാര്‍ ഖാനെ അറസ്റ്റ് ചെയ്തത്. സപ്തംബര്‍ 16ന് യുഎപിഎ, ഇന്ത്യന്‍ പീനല്‍ കോഡ്, ആയുധ നിയമം, പൊതു മുതല്‍ നശീകരണം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇദ്ദേഹത്തിനും മറ്റ് 14 പ്രതികള്‍ക്കുമെതിരേ ചുമത്തിയതായി പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 18000ത്തിലേറെ പേജുകളുള്ള കുറ്റപത്രമാണ് പോലിസ് സമര്‍പ്പിച്ചത്. ഇതില്‍ എഎപി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസയ്ന്‍, സഫൂറാ സര്‍ഗാര്‍, ഗുല്‍ഷിഫ ഖാത്തൂന്‍, ദേവാംഗന കലിത, ഷിഫാഉര്‍റഹ്മാന്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ, നടാഷ നര്‍വാള്‍, ഖാലിദ് സെയ്ഫി, ഇശ്‌ററത്ത് ജഹാന്‍, മീരാന്‍ ഹൈദര്‍, ഷാദാബ് അഹ് മദ്, താലിം അഹ്മദ് മുഹമ്മദ് സലിം ഖാന്‍ എന്നിവരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

Delhi Riots: Involvement of ISI, Khalistan supporters surfaces in chargesheet




Tags:    

Similar News