ഡല്‍ഹി മുസ്‌ലിം വംശഹത്യാ അതിക്രമം; ഷര്‍ജീല്‍ ഇമാമിനെ ഒക്ടോബര്‍ 1 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു

ഷര്‍ജീല്‍ ഇമാമിനെ 2020 ഒക്ടോബര്‍ 1 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതായി അഡീഷണല്‍ സെഷന്‍ ജഡ്ജി അമിതാഭ് റാവത്ത് പറഞ്ഞു.

Update: 2020-09-04 15:55 GMT

ന്യൂഡല്‍ഹി: ഭീകര വിരുദ്ധ നിയമപ്രകാരം അറസ്റ്റിലായ ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി മുസ്‌ലിം വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അന്വേഷണത്തിന്റെ സ്വഭാവവും കേസ് റെക്കോര്‍ഡും പരിഗണിക്കുമ്പോള്‍ അപേക്ഷ അനുവദനീയമാണ്. ഇതനുസരിച്ച് ഷര്‍ജീല്‍ ഇമാമിനെ 2020 ഒക്ടോബര്‍ 1 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതായി അഡീഷണല്‍ സെഷന്‍ ജഡ്ജി അമിതാഭ് റാവത്ത് പറഞ്ഞു. ആഗസ്ത് 31ന് കോടതി ഇമാമിനെ മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ അയച്ചിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് ഇമാമിനെ കോടതിയില്‍ ഹാജരാക്കിയത്. ഇതിനുമുമ്പ് ഇദ്ദേഹത്തെ നാല് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി ആഗസ്റ്റ് 25നാണ് ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്. അസമില്‍ നിന്ന് അറസ്റ്റിലായ ഇമാമിനെ തലസ്ഥാന നഗരത്തിലേക്ക് എത്തിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ ഡല്‍ഹിയിലെ ജാമിഅ മില്ലിയ പ്രദേശത്തും ജനുവരി 16ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഷര്‍ജീലിനെതിരേ കള്ളക്കേസ് ചുമത്തി പോലിസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നിരവധി സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ജൂലൈ 25ന് ഡല്‍ഹി പോലീസ് ഇമാമിനെതിരെ 600 പേജുള്ള കുറ്റപത്രം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 124 എ (രാജ്യദ്രോഹം), 153 (എ) (ശത്രുത പ്രോത്സാഹിപ്പിക്കുക) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Tags:    

Similar News