ഡല്‍ഹിയിലെ മുസ്‌ലിം വിരുദ്ധ കലാപം: ബിജെപി നേതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂന്നു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയോട് സുപ്രിം കോടതി
ഡല്‍ഹി ഹൈക്കോടതി തങ്ങളുടെ കേസ് പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി കലാപത്തിന് ഇരയായ മൂന്നു പേര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവും ജസ്റ്റിസ് ബി ആര്‍ ഗവായും അടങ്ങുന്ന ബെഞ്ച് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപത്തിന് ഇന്ധനം പകര്‍ന്ന വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജി മൂന്ന് മാസത്തിനകം തീര്‍പ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ നിര്‍ദേശം.
ഡല്‍ഹി ഹൈക്കോടതി തങ്ങളുടെ കേസ് പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി കലാപത്തിന് ഇരയായ മൂന്നു പേര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവും ജസ്റ്റിസ് ബി ആര്‍ ഗവായും അടങ്ങുന്ന ബെഞ്ച് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
കലാപക്കേസുകള്‍ അന്വേഷിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സിസിടിവി ദൃശ്യങ്ങളും അക്രമത്തിന്റെ തെളിവുകളും സംരക്ഷിക്കാനും ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ ഒരു സ്വതന്ത്ര പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
സമയബന്ധിതമായി കാര്യങ്ങള്‍ തീര്‍പ്പാക്കണമെന്ന് സുപ്രിം കോടതി നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും ഹൈക്കോടതി നടപടികള്‍ വൈകിപ്പിക്കുന്നതിനാല്‍ തങ്ങള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു. 2020 മാര്‍ച്ചില്‍, വിഷയം എത്രയും വേഗം തീര്‍പ്പാക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോ.ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി.
2019 ഡിസംബറില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജാമിയ മില്ലിയ്യ ഇസ്ലാമിയ കാംപസില്‍ നടന്ന പോലിസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേട്ട ശേഷം വിഷയം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. എന്നിരുന്നാലും, ജാമിയ വിഷയം പോലും പുരോഗമിക്കുന്നില്ല,ഹര്‍ജിക്കാരുടെ കേസും സ്തംഭിച്ചു- ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി.
പബ്ലിക് ഡൊമെയ്‌നിലുള്ള പ്രസംഗങ്ങളുടെ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാവുന്ന 'ലളിതവും നേരേ ചൊവ്വേയുമുള്ള' കേസാണ് തങ്ങളുടേതെന്നും കേസുകള്‍ തീരുമാനിക്കുന്നതിലെ കാലതാമസം നീതീകരിക്കാനാവാത്തതാണെന്നും ഹര്‍ജിക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു. ദിവസങ്ങളോളം വാദം കേട്ടിട്ടും ജാമിയ അക്രമത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.