ചാറ്റിങ് നിര്‍ത്തിയതിന് 16കാരിക്ക് നേരെ വെടിയുതിര്‍ത്തു; രണ്ട് പേര്‍ പിടിയില്‍, മുഖ്യ പ്രതിക്കായി തിരച്ചില്‍
ഇതുമായി ബന്ധപ്പെട്ട് ബോബി, പവന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വെടിവയ്പുണ്ടായത്.
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ചാറ്റിങ് അവസാനിപ്പിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ വെടിവയ്പ്. സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍.ഇതുമായി ബന്ധപ്പെട്ട് ബോബി, പവന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വെടിവയ്പുണ്ടായത്.
എന്നാല്‍ വധശ്രമം ആസൂത്രണം ചെയ്ത അര്‍മാന്‍ അലി ഇപ്പോഴും ഒളിവിലാണ്. സംഘത്തിലെ പ്രധാനിയായ ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.അര്‍മാന്‍ അലിയുമായി പെണ്‍കുട്ടി ചാറ്റിങ് നിര്‍ത്തിയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി. സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി അര്‍മാനും പെണ്‍കുട്ടിയും പരിചയമുണ്ട്. എന്നാല്‍ ആറ് മാസം മുമ്പ് പെണ്‍കുട്ടി ഇയാളുമായുള്ള ചാറ്റിങ് നിര്‍ത്തി. മെസേജുകള്‍ക്ക് പ്രതികരിക്കാതായി. ഇതോടെയാണ് അര്‍മാന്‍ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലിസ് പറയുന്നത്.വ്യാഴാഴ്ചയാണ് ഡല്‍ഹി സംഘം വിഹാര്‍ മേഖലയില്‍ വെച്ച് 16കാരിക്ക് വെടിയേറ്റത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.
വെടിയുതിര്‍ത്ത ഉടന്‍ പ്രതികള്‍ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ചുമലില്‍ വെടിയേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണെന്നും അപകടനില തരണം ചെയ്തതായും പോലിസ് വ്യക്തമാക്കി.