കശ്മീര്‍ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം; അടിയന്തരമായി തിരുത്തണമെന്ന് സൗദിയോട് ഇന്ത്യ

ജി 20 യുടെ അധ്യക്ഷ സ്ഥാനത്ത് സൗദി അറേബ്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതിനായി പുറത്തിറക്കിയ പുതിയ 20 റിയാല്‍ നോട്ടില്‍ അച്ചടിച്ച ആഗോള ഭൂപടത്തിലാണ് ജമ്മുകശ്മീരിനെ ഒരു പ്രത്യേക മേഖലയായായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Update: 2020-10-30 02:05 GMT

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇറക്കിയ ആഗോള ഭൂപടത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി തെറ്റായി ചിത്രീകരിച്ചതില്‍ സൗദി അറേബ്യയോട് ആശങ്ക അറിയിച്ച ഇന്ത്യ ഭൂപടത്തില്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ജി 20 യുടെ അധ്യക്ഷ സ്ഥാനത്ത് സൗദി അറേബ്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതിനായി പുറത്തിറക്കിയ പുതിയ 20 റിയാല്‍ നോട്ടില്‍ അച്ചടിച്ച ആഗോള ഭൂപടത്തിലാണ് ജമ്മുകശ്മീരിനെ ഒരു പ്രത്യേക മേഖലയായായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ 'അടിയന്തിര തിരുത്തല്‍ നടപടികള്‍' സ്വീകരിക്കാന്‍ ഇന്ത്യ സൗദി അറേബ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

തങ്ങളുടെ കടുത്ത ആശങ്ക സൗദി അറേബ്യയെ അവരുടെ അംബാസഡര്‍മാര്‍ മുഖേന അറിയിച്ചിട്ടുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു.ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം 21, 22 തിയ്യതികളില്‍ സൗദിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് അധ്യക്ഷം വഹിക്കുന്നത് സൗദിയാണ്. ഇതിന്റെ ഭാഗമായി പുതിയ 20 റിയാല്‍ നോട്ട് സൗദി ഇറക്കിയത്.അതേസമയം ഭൂപടത്തില്‍ പാക് നിയന്ത്രണത്തിലുള്ള കശ്മീരും ഗില്‍ജിത്ത് ബാള്‍ട്ടിസ്താന്‍ പ്രദേശവും പാക് ഭൂപടത്തിലും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പാക് അധീന കശ്മീരിലെ ആക്ടിവിസ്റ്റായ അംജദ് അയുബ് മിര്‍സ ചൂണ്ടിക്കാട്ടി.

Tags:    

Similar News