ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയിലെ സംഘര്‍ഷം; 10 പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 10പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ പോലിസുകാരനടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഡല്‍ഹി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മേഖലാല്‍ മീണക്കാണ് പരിക്കേറ്റത്. വെടിയുണ്ടയേറ്റാണ് പരിക്ക്. എന്നാല്‍ വെടിയേറ്റതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പോലിസ് പറഞ്ഞു.
സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി അതീവ ജാഗ്രതയിലാണ്. 200 ദ്രുത കര്‍മ്മ സേന അംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോണ്‍ നീരീക്ഷണം തുടരുകയാണ്.
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലാണ് ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായത്. ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാമനവമി ആഘോഷത്തോടനുബന്ധിച്ചും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. നിരവധി വാഹനങ്ങള്‍ തകര്‍ത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജഹാംഗീര്‍പുരിയില്‍ വന്‍ പോലിസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി.
എല്ലാവരും സമാധാനം പാലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനാണ് ഡല്‍ഹിയുടെ സുരക്ഷണ ചുമതല. ക്രമസമാധാന പാലനത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.