ആശ്വാസം; ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയായി

നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണ്.

Update: 2021-05-14 12:05 GMT

ന്യൂഡല്‍ഹി: ആശ്വാസമായി തലസ്ഥാനമായ ഡല്‍ഹിയില്‍ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ ദിവസം 12,000 ആയിരുന്നു പ്രതിദിന കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗികളുടെ എണ്ണം 8,500 ആയി താഴ്ന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഏപ്രില്‍ പത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെ എത്തുന്നത്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണ്. കഴിഞ്ഞ ദിവസം 17 ശതമാനമായിരുന്നു. പത്തുദിവസത്തിനിടെ 3000 ബെഡുകള്‍ ഒഴിവ് വന്നതായി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കൊവിഡ് രണ്ടാം തരംഗം ഡല്‍ഹിയില്‍ നിയന്ത്രണവിധേയമാകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യ ദിവസങ്ങളില്‍ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായി നേരിട്ട സ്ഥലമാണ് ഡല്‍ഹി. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നിരുന്നു. കൊവിഡ് കേസുകള്‍ കുറയ്ക്കുന്നതില്‍ ജനങ്ങള്‍ സഹകരിച്ചതായും മാനദണ്ഡങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും അല്ലെങ്കില്‍ ദുരന്തമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


Tags:    

Similar News