ഡല്‍ഹിയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; പ്രതിദിന രോഗികളില്‍ 50 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കേസുകളില്‍ ഇരട്ടി വര്‍ധനവാണ് റിപോര്‍ട്ട് ചെയ്തത്. ഇന്ന് പുതുതായി 2,716 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.64 ശതമാനമാണ്. കൊവിഡുമായി ബന്ധപ്പെട്ട് ഒരു മരണമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് മാസം 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ശനിയാഴ്ച റിപോര്‍ട്ട് ചെയ്തത്. അന്ന് 3,009 കേസുകളാണ് സ്ഥിരീകരിച്ചത്. ടിപിആര്‍ 4.76 ശതമാനമായിരുന്നു. 252 മരണങ്ങളും അന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടു.
വെള്ളിയാഴ്ച 1,796 കൊവിഡ് കേസുകളും (പോസ്റ്റിവിറ്റി നിരക്ക് 1.73 ശതമാനം) വ്യാഴാഴ്ച 1,313 കേസുകളുമാണ് (2.44 ശതമാനം) ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം സ്ഥിരീകരിച്ചശേഷം ഏതാനും ദിവസങ്ങളായി കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ബുധന്‍, ചൊവ്വ, തിങ്കള്‍ ദിവസങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണം യഥാക്രമം 923, 496, 331 എന്നിങ്ങനെയാണ്. കേസുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരത്തില്‍ 'യെല്ലോ അലര്‍ട്ട്' ഏര്‍പ്പെടുത്തി. നഗരത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,108 ആയി ഉയര്‍ന്നു.