ഡെലിവറി ബോയ് മുസ്‌ലിം ആയതിന്റെ പേരില്‍ ഭക്ഷണം നിരസിച്ച് ഉപഭോക്താവ്

'നമ്മളെല്ലാവരും മനുഷ്യരാണെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ എനിക്ക് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു'വെന്നും 32 കാരനായ ഡെലിവറി ബോയ് പറഞ്ഞു.

Update: 2019-10-24 09:28 GMT

ഹൈദരാബാദ്: ഡെലിവറി ബോയ് മുസ്‌ലിം ആയതിന്റെ പേരില്‍ ഹോട്ടല്‍ ഭക്ഷണം നിരസിച്ച് ഉപഭോക്താവ്. സ്വിഗ്ഗി ജീവനക്കാരനാണ് ഉപഭോക്താവില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടത്. ഹിന്ദു ഡെലിവറി ബോയ് ഭക്ഷണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വിതരണം ചെയ്യാനെത്തിയത് മുസ്‌ലിം ബോയ് ആയതിനെത്തുടര്‍ന്ന് ഉപഭോക്താവ് ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറായില്ല.

മുസ്‌ലിം വ്യവസായി നടത്തുന്ന ഹോട്ടലില്‍ നിന്നാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം പാകം ചെയ്തതും മുസ്‌ലിമാണ്. എന്നാല്‍ ഭക്ഷണം വിതരണം ചെയ്യേണ്ടത് ഹിന്ദുവാകാത്തിനെ തുടര്‍ന്നായിരുന്നു ഓര്‍ഡര്‍ ചെയ്ത ആഹാരം വാങ്ങാന്‍ ഉപഭോക്താവ് തയ്യാറാകാതിരുന്നത്. ഹൈദരാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ഫലക്‌നുമായിലെ ഗ്രാന്റ് ബവര്‍ച്ചി ഹോട്ടലില്‍ നിന്നാണ് ഷാലിബന്ദയില്‍ താമിസിക്കുന്ന ആള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. പ്രത്യേകമായി ആവശ്യം രേഖപ്പെടുത്തേണ്ടിടത്ത് അയാള്‍ ഇങ്ങനെ കുറിച്ചിരുന്നു '' കുറച്ച് മാത്രം എരിവ്. ഭക്ഷണം വിതരണം ചെയ്യാന്‍ ഹിന്ദു ഡെലിവറി ബോയിയെ തിരഞ്ഞെടുക്കുക. എല്ലാ റേറ്റിഗും ഇതിനെ അടിസ്ഥാനമാക്കിയായിരിരക്കും''.

'ഭക്ഷണവുമായി എത്തിയ എന്റെ പേര് കേട്ട് ഉപഭോക്താവ് ദേഷ്യപ്പെട്ടു. ഭക്ഷണം വാങ്ങാന്‍ തയ്യാറായില്ല. അയാള്‍ അത് കാന്‍സല്‍ ചെയ്തു. തുടര്‍ന്ന് എന്നോട് കയര്‍ക്കുകയും അയാളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്ന് ദേഷ്യപ്പെടുകയും ചെയ്തു. '' ഡെലിവറി ബോയ് ബാംഗ്ലൂര്‍ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പിന്നീട് കസ്റ്റമര്‍ കെയറില്‍ വിളിച്ച അയാള്‍ എക്‌സിക്യൂട്ടീവിനോട് മോശമായി സംസാരിക്കുകയും ആപ്ലിക്കേഷന്‍ എന്നന്നേക്കുമായി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അയാള്‍ പറഞ്ഞു. 'നമ്മളെല്ലാവരും മനുഷ്യരാണെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ എനിക്ക് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു'വെന്നും 32 കാരനായ ഡെലിവറി ബോയ് പറഞ്ഞു.




Tags:    

Similar News