സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടി; ജൂനിയര്‍ സുപ്രണ്ടിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കും

Update: 2022-04-08 00:56 GMT

മാനന്തവാടി: മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ആരോപണ വിധേയയായ ജൂനിയര്‍ സുപ്രണ്ട് അജിത കുമാരിയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷ്ണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലി സംബന്ധമായി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സിന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണം സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം മൂലമാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. സിന്ധുവിന്റെ ഡയറിയില്‍ അജിത കുമാരിയടക്കമുള്ളവരെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് പോലിസ് പറഞ്ഞു.

സിന്ധു തൂങ്ങി മരിച്ച എള്ളുമന്ദത്തെ വീട്ടിലെ മുറിയില്‍ നിന്നാണ് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയത്. ഓഫിസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചു വെച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച ചില സഹപ്രവര്‍ത്തകരുടെ പേരുകളും ഡയറിയിലുണ്ടെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉടന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും.

വകുപ്പുതല അന്വേഷണത്തിനായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി രാജീവ് വയനാട്ടിലെത്തി. സിന്ധുവിനെ ഓഫിസിനുള്ളില്‍ വെച്ച് ഉദ്യോഗസ്ഥര്‍ പരസ്യമായി അപമാനിച്ചത് അറിയാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച്ബി പ്രദീപ് പറഞ്ഞു. തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സിന്ധുവും മറ്റ് 4 സഹപ്രവര്‍ത്തകരും വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ നേരില്‍ കണ്ടിരുന്നു. ഓഫീസില്‍ ഗ്രൂപ്പിസമുണ്ട്, ഓഫീസില്‍ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. ഓഫീസില്‍ ജോലി ചെയ്യാനുള്ള അന്തരീക്ഷമില്ലെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.

എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒ വിശദീകരിച്ചത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മാനന്തവാടി ആര്‍ടിഒ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ച്ച രാവിലെയാണ് എള്ളുമന്ദത്തെ വീട്ടില്‍ മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്നു സിന്ധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News