ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക വിഭാഗത്തിന് സാമ്പത്തിക സംവരണം നിലവില്‍ വന്നു
സംസ്ഥാനത്ത് ആദ്യമായാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നത്
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു ദേവസ്വം ബോര്‍ഡുകളില്‍ 10 ശതമാനം സംവരണം നല്‍കുന്ന സാമ്പത്തിക സംവരണം നിലവില്‍ വന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍ ഡി ക്ലാര്‍ക്ക്/സബ്ഗ്രൂപ്പ് ഓഫിസര്‍ ഗ്രേഡ് 2 തസ്തികകളിലേക്ക് സംവരണം പാലിച്ച് തയ്യാറാക്കിയ സാധ്യതാ പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം രാജഗോപാലന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഭിമുഖ പരീക്ഷ ഒഴിവാക്കി, ഒഎംആര്‍(ഒപ്റ്റിക്കല്‍ മാര്‍ക്ക് റെക്കഗ്‌നീഷന്‍) പരീക്ഷയുടെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
സംസ്ഥാനത്ത് ആദ്യമായാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ജൂണ്‍ എട്ടിന് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എല്‍ഡി ക്ലര്‍ക്ക് സബ് ഗ്രൂപ്പ് ഓഫിസര്‍ തസ്തികയുടെ സാധ്യതാ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഈ ലിസ്റ്റിലുണ്ടാവും. ജാതി/ക്രിമിലെയര്‍/സാമ്പത്തിക സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തി അന്തിമ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. വാര്‍ഷിക വരുമാന പരിധി മൂന്നുലക്ഷം കടക്കാന്‍ പാടില്ല, കുടുംബാംഗങ്ങള്‍ക്ക് ആദായനികുതി ഉണ്ടാവരുത്, ഒരേക്കറിലധികം വസ്തു പാടില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുംബാംഗം ആവരുത് എന്നിവയാണ് സാമ്പത്തിക സംവരണത്തിനുള്ള യോഗ്യതാ മാനദണ്ഡം. പിന്നാക്ക സമുദായങ്ങള്‍ക്കും പട്ടികജാതി വിഭാഗത്തിനും നിലവിലുള്ളതിനേക്കാള്‍ 8 ശതമാനം സംവരണം അധികമായി നല്‍കിയിട്ടുണ്ട്. മലബാര്‍ ഉള്‍പ്പടെയുള്ള അഞ്ചു ദേവസ്വം ബോര്‍ഡുകളിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ചെയര്‍മാന്‍ എം രാജഗോപാലന്‍ നായര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി എസ് ഷൈലാമണി, പി സി രവീന്ദ്രനാഥന്‍ സംബന്ധിച്ചു.