സാമ്പത്തിക സംവരണം: സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് എന്‍എസ്എസ്

Update: 2022-11-07 15:03 GMT

കോട്ടയം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രിംകോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് എന്‍എസ്എസ്. വിധി സാമൂഹിക നീതിയുടെ വിജയമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സാമ്പത്തിക സംവരണമാണ് ശരിയെന്ന എന്‍എസ്എസ് നിലപാട് ശരിവയ്ക്കുന്നതാണ് സുപ്രിംകോടതി വിധി.

ജാതിയുടെ പേരിലുള്ള സംവരണം ഒഴിവാക്കണമെന്നും സാമ്പത്തിക നിലയുടെ അടിസ്ഥാനത്തിലാവണം സംവരണമെന്നതും മന്നത്ത് പത്മനാഭന്റെ കാലം മുതല്‍ എന്‍എസ്എസിന്റെ ആവശ്യമാണ്. ഈ നിലപാടിന് ലഭിച്ച അംഗീകാരമായാണ് വിധിയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിധിയെ സ്വാഗതം ചെയ്തു. മുന്നാക്ക സംവരണം ശരിവച്ച സുപ്രിംകോടതി വിധി സാമൂഹികനീതിയുടെ ലംഘനമാണെന്നാണ് പിന്നാക്കസംഘടനകള്‍ പറയുന്നത്. സംവരണത്തില്‍ ഉള്‍പ്പെടുത്തിയല്ല മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സഹായിക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Similar News