90 സ്‌പൈസ് ജെറ്റ് പൈലറ്റുമാർക്ക് ബോയിങ് 737 മാക്‌സ് വിമാനം പറത്തുന്നതിൽ നിന്ന് ഡിജിസിഎയുടെ വിലക്ക്
ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ ഭാഗമായ ഈ പൈലറ്റുമാർക്ക് ഡിജിസിഎ അനുമതി ലഭിക്കാൻ വീണ്ടും പരിശീലനത്തിന് ഹാജരാകേണ്ടി വരും.
ന്യൂഡൽഹി: ബോയിങ് 737 മാക്‌സ് വിമാനം പ്രവർത്തിപ്പിക്കാൻ പരിശീലനം നേടിയ 90 പൈലറ്റുമാർക്കെതിരേ റഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചു. ബോയിങ് 737 മാക്‌സ് വിമാനം പറത്തുന്നതിൽ നിന്ന് ഡിജിസിഎ ഇവരെ വിലക്കി. പരിശീലന പ്രൊഫൈലുകളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎയുടെ നടപടി.
ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ ഭാഗമായ ഈ പൈലറ്റുമാർക്ക് ഡിജിസിഎ അനുമതി ലഭിക്കാൻ വീണ്ടും പരിശീലനത്തിന് ഹാജരാകേണ്ടി വരും.
നിലവിൽ ബോയിങ് 737 മാക്‌സ് സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏക എയർലൈൻ സ്‌പൈസ് ജെറ്റ് ആണ്. ഇന്തോനേഷ്യയിലും എത്യോപ്യയിലും 346 പേരുടെ മരണത്തിനിടയാക്കിയ രണ്ട് അപകടങ്ങളെത്തുടർന്ന് രണ്ട് വർഷത്തിലേറെയായി ഇത്തരത്തിലുള്ള വിമാനങ്ങൾ ഇന്ത്യ നിർത്തിവച്ചിരുന്നു.
നിക്ഷേപകനായ രാകേഷ് ജുൻജുൻവാല പ്രമോട്ട് ചെയ്യുന്ന വിമാനക്കമ്പനിയായ ആകാശ എയർ 72 ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ആകാശ എയർ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.