കൊച്ചി: ചലച്ചിത്ര സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇമെയില്‍ വഴിയാണ് രാജിക്കത്ത് കൈമാറിയത്. കലാകാരന്‍മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. സിനിമാ സംവിധായകന്‍ രാജസേനനും ചലച്ചിത്ര താരം ഭീമന്‍ രഘുവും കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രാമസിംഹന്റെയും രാജി. തിരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തുവല്ല കലാകാരന്‍മാരെന്നും കലാകാരന്‍മാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാവണമെന്നും രാമസിംഹന്‍ പറയുന്നു. ബിജെപി ദേശീയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയാമെന്നും അലി അക്ബര്‍ പറയുന്നു. 2022 ജനുവരിയില്‍ ഇസ് ലാം മതം ഉപേക്ഷിച്ച അലി അക്ബര്‍ ഹിന്ദുമതം സ്വീകരിച്ചാണ് രാമസിംഹന്‍ എന്ന പേര് സ്വീകരിച്ചത്. മലബാര്‍ കലാപത്തെ കുറിച്ചുള്ള ഹിന്ദുത്വ പ്രചാരണങ്ങളെ അടിസ്ഥാനമാക്കി പുഴമുതല്‍ പുഴ വരെ എന്ന സിനിമ ചെയ്ത രാമസിംഹന് ബിജെപിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.