വിധിയെ ബൗണ്ടറി കടത്തി റഈസ്; ബംഗ്ലാദേശ്-ഇന്ത്യ ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇടം നേടി കോഴിക്കോട്ടുകാരന്‍

Update: 2021-08-20 10:12 GMT

കോഴിക്കോട്: വിധിയെ ബൗണ്ടറി കടത്തി ക്രിക്കറ്റില്‍ നാടിന്റെ അഭിമാന താരമായിരിക്കുകയാണ് റഈസ് എന്ന 27 കാരന്‍. ഇടത് കാലിന് ജന്മനാ ഉള്ള വൈകല്യം റഈസിന്റെ കുതിപ്പിന് തടസ്സമായില്ലെന്നതിന് തെളിവാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള റഈസിന്റെ സെലക്ഷന്‍.


സെപ്തംബര്‍ 14 മുതല്‍ 29 വരെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇന്ത്യാ-ബംഗ്ലാദേശ് ട്വന്റി-20 ടൂര്‍ണമെന്റില്‍ റഈസ് കളിക്കും. ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, ഔറംഗാബാദ്, ജയ്പൂര്‍ സ്റ്റേഡിയങ്ങളില്‍ വച്ചാണ് കളികള്‍ നടക്കുന്നത്.

കൊളത്തറ അയ്യപ്പന്‍കണ്ടി പറമ്പ് സ്വദേശി സീതിന്റകത്ത് ബഷീര്‍-ഹസീന എം ദമ്പതികളുടെ മകനാണ് റഈസ്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സെയന്‍സ് കോളജില്‍ നിന്ന് ബിരുദവും പിജിയും പൂര്‍ത്തിയാക്കിയ റഈസ് സ്‌കൂള്‍ തലം മുതല്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു.


മികച്ച ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റഈസ് 2017ല്‍ നടന്ന ആള്‍ ഇന്ത്യ ഇന്റര്‍ യൂനിവേഴ്‌സിറ്റി സോഫ്റ്റ് ബാള്‍ ടൂര്‍ണമെന്റില്‍ വെങ്കല മെഡല്‍ നേടിയ ടീമില്‍ അംഗമായിരുന്നു. ജയ്പൂരില്‍വെച്ചു നടന്ന രഞ്ജിട്രോഫി മല്‍സരങ്ങളിലും ട്വന്റി-20 മല്‍സരങ്ങളിലും മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബേസ് ബോള്‍ കേരള ടീം അംഗമായിരുന്നു. 2015-16 വര്‍ഷങ്ങളിലെ ബേസ്‌ബോള്‍ ചാംപ്യനായ റഈസ് ഇപ്പോള്‍ ഭിന്നശേഷി കേരള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്.


ഭിന്നശേഷിക്കാര്‍ക്കായി ഫറൂഖ് കോളജില്‍ നടന്ന ജില്ലാതല മല്‍സരങ്ങളില്‍ ബെസ്റ്റ് പ്ലേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട റഈസിന് അവിടെ നിന്നാണ് കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. 2019ല്‍ ഹൈദരാബാദില്‍ നടന്ന രഞ്ജി ട്രോഫിയിലും 2020ല്‍ രാജസ്ഥാനാല്‍ നടന്ന ദേശീയ മല്‍സരങ്ങളിലും റഈസ് മികച്ച പ്രകടനം കാഴ്ച്ചവച്ചു. ദേശീയ ടൂര്‍ണമെന്റിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നതായി റഈസ് തേജസിനോട് പറഞ്ഞു. 40 പേരെയാണ് ഇന്ത്യന്‍ ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആഗസ്ത് 3 മുതല്‍ 13 വരെ ഹൈദരാബാദില്‍ നടന്ന ക്യാംപില്‍ നിന്ന് 16 അംഗ ദേശീയ ടീമിനെ തിരഞ്ഞെടുത്തു. കേരളത്തില്‍ നാല് പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. തിരുവനന്തപുരം സ്വദേശി ആകാശ്, മലപ്പുറം സ്വദേശി കരീം, കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അലി എന്നിവരാണ് റഈസിനൊപ്പം ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്. ഇതില്‍ അലിയും റഈസും ട്വന്റി-20 ടീമിലും കരീം ഏകദിന ടീമിലും ആകാശ് ടെസ്റ്റ് ടീമിലുമാണ് ഇടം നേടിയത്.

Tags:    

Similar News