'നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കണം': ദിഷ രവിയുടെ അമ്മ
'അവള്‍ ശക്തയായ പെണ്‍കുട്ടിയാണ്, കുട്ടികള്‍ ശരിയായ പാതയിലാകുമ്പോള്‍ മാതാപിതാക്കള്‍ അവരെ പിന്തുണയ്ക്കണം,' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മഞ്ജുള പറഞ്ഞു.
ന്യൂഡല്‍ഹി: 'നമ്മുടെ കുട്ടികള്‍ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോള്‍ അവരുടെ ഒപ്പം നില്‍ക്കണം. ഏതൊരാള്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ നമ്മുടെ കുട്ടികള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ നമ്മള്‍ എന്തിന് പേടിക്കണം?'. ടൂള്‍കിറ്റ് കേസില്‍ ഡല്‍ഹി കോടതി മകള്‍ക്ക് ജാമ്യം അനുവദിച്ചതറിഞ്ഞ ആക്ടിവിസ്റ്റ് ദിഷ രവിയുടെ അമ്മ മഞ്ജുള നഞ്ചയ്യയുടെ പ്രതികരണമായിരുന്നു ഇത്.
'അവള്‍ വീട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ അവളെ കെട്ടിപ്പിടിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്'. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ മഞ്ജുള പറഞ്ഞു.
കര്‍ഷകരുടെ പ്രതിഷേധത്തില്‍ ടൂള്‍കിറ്റ് തയ്യാറാക്കുന്നതില്‍ പങ്കുണ്ടെന്നാരോപിച്ച് ഫെബ്രുവരി 14 നാണ് ബെംഗളൂരു സ്വദേശിയായ ദിഷയെ (22) ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.
'സഹായിച്ച എല്ലാവരോടും, പ്രത്യേകിച്ച് അവളോടൊപ്പം ഉണ്ടായിരുന്ന നിയമസംഘത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ഞങ്ങളുടെ മകള്‍ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാല്‍, അവള്‍ക്ക് ജാമ്യം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു,' ബെംഗളൂരു നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ചിക്കബനവാരയില്‍ താമസിക്കുന്ന മഞ്ജുള പറഞ്ഞു. അത്‌ലറ്റിക്‌സ് പരിശീലകനായ ദിഷയുടെ പിതാവ് രവി അന്നപ്പ മൈസൂരുവിലാണ് ജോലി ചെയ്യുന്നത്. പക്ഷേ മകളുടെ അറസ്റ്റ് മുതല്‍ മഞ്ജുളയ്‌ക്കൊപ്പമുണ്ട് അദ്ദേഹം.
ദിഷയ്‌ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, 'സത്യം എപ്പോഴും വിജയിക്കും. എന്റെ മകള്‍ ഒരു തെറ്റും ചെയ്യാത്തപ്പോള്‍ ഞങ്ങള്‍ എന്തിന് ഭയപ്പെടണം? അവള്‍ കര്‍ഷകരെ പിന്തുണയ്ക്കുകയും സമൂഹത്തിന് നന്മ ചെയ്യുകയുമായിരുന്നു,' എന്നായിരുന്നു മഞ്ജുളയുടെ മറുപടി.
കഴിഞ്ഞ ഒന്‍പത് ദിവസമായി ദിഷയുടെ സുഹൃത്തുക്കള്‍ എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നെന്ന് മഞ്ജുള പറയുന്നു. 'അവരുടെ പിന്തുണ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. ഈ പ്രയാസകരമായ സമയത്ത് അവര്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിനും ദിഷയ്ക്കും ദൈവം നല്‍കിയ സമ്മാനമാണ് ദിഷയുടെ സുഹൃത്തുക്കളെന്ന് എനിക്ക് പറയാന്‍ കഴിയും,' മഞ്ജുള പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് ദിഷ വിളിച്ചതിനെ കുറിച്ചും മഞ്ജുള പറഞ്ഞു. 'എന്റെ മകള്‍ക്ക് വളരെ ആത്മവിശ്വാസമുണ്ടായിരുന്നു, ഞങ്ങള്‍ അവളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ എപ്പോഴും അവള്‍ ഞങ്ങളോട് പറഞ്ഞത് പേടിക്കാന്‍ ഒന്നുമില്ല എന്നായിരുന്നു. അവള്‍ ഞങ്ങള്‍ക്ക് ശക്തിയും പിന്തുണയും നല്‍കുകയായിരുന്നു. അതിനാല്‍, ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. അവളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു, അവള്‍ ഒരിക്കലും ഞങ്ങളുടെ അടുത്തു നിന്ന് വിട്ടു നിന്നിട്ടില്ലാത്തതിനാള്‍ അവള്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കിട്ടുന്നുണ്ടോ എന്നു മാത്രമായിരുന്നു ഞങ്ങളുടെ ആശങ്ക. ജനിച്ച കാലം മുതല്‍ എപ്പോഴും ദിഷ ഞങ്ങളോടൊപ്പമുണ്ട്. ഇതാദ്യമായാണ് അവള്‍ ഞങ്ങളില്‍ നിന്ന് അകന്നു കഴിയുന്നത്.'
ദിഷയെ പിന്തുണച്ച ലോകമെമ്പാടുമുള്ള ആളുകളോടും മഞ്ജുള നന്ദി പറഞ്ഞു. 'എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു, ഒപ്പം എന്റെ അയല്‍ക്കാര്‍ക്കും ഗ്രാമത്തിലെ എന്റെ കുടുംബത്തിനും. അവര്‍ നല്‍കിയ പിന്തുണ ഒരിക്കലും മറക്കാനാകില്ല. ദിഷ ആരാണെന്നും അവള്‍ സമൂഹത്തിന് വേണ്ടി എന്താണ് ചെയ്യുന്നതെന്നും അവര്‍ക്കറിയാം.'
'അവള്‍ ശക്തയായ പെണ്‍കുട്ടിയാണ്, കുട്ടികള്‍ ശരിയായ പാതയിലാകുമ്പോള്‍ മാതാപിതാക്കള്‍ അവരെ പിന്തുണയ്ക്കണം,' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മഞ്ജുള പറഞ്ഞു.