തദ്ദേശതിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വന്‍ മുന്നേറ്റം; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് സ്റ്റാലിന്‍

Update: 2021-10-13 09:28 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ഭരണകക്ഷിയായ ഡിഎംകെയും സഖ്യകക്ഷികളും. പുതുതായി രൂപീകരിച്ച ഒമ്പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സമാനമുന്നേറ്റമാണ് ഡിഎംകെ തദ്ദേശ തിരഞ്ഞെടുപ്പിലും നടത്തിയത്. ഉപതിരഞ്ഞെടുപ്പ് നടന്ന 27 വാര്‍ഡുകളിലും ഭരണമുന്നണി ജയിച്ചു. 140 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 88 ലും ഡിഎംകെ ജയിച്ചു.

നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റില്‍ ഒതുങ്ങി. 1,381 പഞ്ചായത്ത് വാര്‍ഡുകളില്‍ 300 എണ്ണത്തില്‍ ഡിഎംകെ ജയിച്ചു. 11 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ 50 സീറ്റുകളില്‍ ജയിച്ചു. എഐഎഡിഎംകെയ്‌ക്കൊപ്പം 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമായി മല്‍സരിച്ച പിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മല്‍സരിച്ചത്. ഇവര്‍ 13സീറ്റ് നേടി. 74 കൗണ്ടിങ് സെന്ററുകളിലായാണ് വോട്ടെണ്ണല്‍ നടന്നത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ മെയ് മാസത്തില്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് വോട്ടര്‍മാര്‍ക്ക് സ്റ്റാലിന്‍ നന്ദി പറഞ്ഞു. തന്റെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ആദ്യ അഞ്ച് മാസത്തെ അംഗീകാരമാണിത്. 'ഞങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. ആളുകള്‍ നമ്മിലുള്ള വിശ്വാസത്തെ സംരക്ഷിക്കും. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ഞങ്ങള്‍ക്കുള്ള സൗഹൃദം വര്‍ധിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News