വോട്ടര്‍മാരെയും തന്റെ അനുയായികളെയും ഭീഷണിപ്പെടുത്തുന്നു; പോലിസിനെതിരേ ആരോപണവുമായി അസം ഖാന്‍

Update: 2022-11-28 16:08 GMT

ലഖ്‌നോ: രാംപൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍മാരെയും തന്റെ അനുയായികളെയും പോലിസ് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ എംപിയുമായ മുഹമ്മദ് അസംഖാന്‍ രംഗത്ത്. രാംപൂര്‍ സദര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്ന് രാംപൂര്‍ പോലിസ് ആളുകളെ 'പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും' ചെയ്തുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിന് തെളിവായി ഫോട്ടോകളും വീഡിയോകളുമുണ്ട്.

എന്നാല്‍, അവ ഇപ്പോള്‍ ഷെയര്‍ ചെയ്യാനാവില്ല. വോട്ട് ചോദിക്കാന്‍ തനിക്ക് ഇപ്പോഴും അവകാശമുണ്ട്. തന്റെ പക്കല്‍ വീഡിയോകളും ഫോട്ടോകളുമുണ്ട്. ചില പ്രത്യേക കാരണങ്ങളാല്‍ അത് പുറത്തുവിടുന്നില്ല. കാരണം അവ നിങ്ങള്‍ക്ക് നല്‍കിയാല്‍ കോടതികള്‍ അവരെ ശ്രദ്ധിക്കില്ല. ഒരുതരം ഭീകരതയാണുള്ളത്. ഫഌഗ് മാര്‍ച്ചുകള്‍ നടത്തുന്നു. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്നും എസ്പിക്ക് വോട്ടുചെയ്താല്‍ വീടൊഴിയുമെന്നും പരസ്യമായി പറയുന്ന വീഡിയോകള്‍ തന്റെ പക്കലുണ്ടെന്നും അസംഖാന്‍ വിശദീകരിച്ചു.

ജില്ലാ ഭരണകൂടവും ലോക്കല്‍ പോലിസും എസ്പി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും വാതിലുകള്‍ തകര്‍ത്ത് അവരുടെ വീടുകളില്‍ അതിക്രമിച്ച് കയറുകയും അവരുടെ കുടുംബത്തിലെ സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്യുകയാണ്. റാംപൂര്‍ അസംബ്ലി സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 5ന് വോട്ടുചെയ്യുന്നത് തടയാനാണ് ഇത് ചെയ്തത്. പോലിസ് തന്റെ ഭാര്യയും രാംപൂര്‍ മുന്‍ എംപിയുമായ തന്‍സീന്‍ ഫാത്തിമയെ ഭീഷണിപ്പെടുത്തി. അവര്‍ക്കെതിരേ ആക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു.

50 പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടിന്റെ വാതിലുകള്‍ തകര്‍ത്തു. നിരപരാധികളായ നിരവധിയാളുകളെ തെരുവില്‍ നിന്ന് പിടികൂടി. സ്ത്രീകളോട് പോലും ആക്ഷേപകരമായ ഭാഷയാണ് അവര്‍ ഉപയോഗിച്ചത്. ഇത്തരം പെരുമാറ്റം ഭരണകൂടത്തിന് ചേര്‍ന്നതല്ല. പോലിസ് അതിക്രമങ്ങളുടെ വീഡിയോകള്‍ കോടതിയില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അസംഖാന്റെ ആരോപണങ്ങളെല്ലാം പോലിസ് തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഫഌഗ് മാര്‍ച്ച് നടത്തുന്നതെന്ന് ഡിഐജി (മൊറാദാബാദ് റേഞ്ച്) ശലഭ് മാത്തൂര്‍ പറഞ്ഞു. ഫഌഗ് മാര്‍ച്ചുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാണ്. ഞങ്ങള്‍ ആ നിര്‍ദേശം പിന്തുടരുകയാണ്.

ആരെയും അനാവശ്യമായി ഉപദ്രവിക്കുന്നില്ല. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നതെന്നും ഡിഐജി കൂട്ടിച്ചേര്‍ത്തു. പിടികിട്ടാപ്പുള്ളികളെ മാത്രം തിരഞ്ഞാണ് റെയ്ഡ് നടത്തിയതെന്ന് അഡീഷനല്‍ എസ്പി (രാംപൂര്‍) സന്‍സാര്‍ സിങ് പറഞ്ഞു. സ്ത്രീകളോട് മോശമായി പെരുമാറി എന്നത് തെറ്റാണ്. സാധാരണയായി റെയ്ഡുകളുടെ വീഡിയോകളെടുക്കാറുണ്ട്. തങ്ങളുടെ പക്കില്‍ മതിയായ തെളിവുകളും വസ്തുതകളുമുണ്ട്- പോലിസ് വ്യക്തമാക്കി.

രാംപൂര്‍ സദര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് ഡിസംബര്‍ അഞ്ചിനാണ് നടക്കുക. ഫലം മൂന്ന് ദിവസത്തിന് ശേഷം ഡിസംബര്‍ 8 ന് പ്രഖ്യാപിക്കും. അസം ഖാനെ 2019 ഒക്ടോബറിലെ വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്നാണ് രാംപൂര്‍ സദറില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. എസ്പി അസംഖാന്റെ അടുത്ത അനുയായി അസിം രാജയെ മല്‍സരിപ്പിച്ചപ്പോള്‍ ബിജെപി ആകാശ് സക്‌സേനയ്ക്ക് ടിക്കറ്റ് നല്‍കി.

Tags:    

Similar News