എന്‍പിആര്‍, എന്‍ആര്‍സിക്കുള്ള മുന്നൊരുക്കം; സംസ്ഥാനങ്ങള്‍ സഹകരിക്കരുതെന്ന് യെച്ചൂരി

എന്‍ആര്‍സിക്ക് മുന്നോടിയായാണ് ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്നതെന്ന പ്രചാരണം വന്നതോടെയാണ് കേരളവും പശ്ചിമബംഗാളും ഇത് നിര്‍ത്തിവച്ചത്. എന്നാല്‍ ഒരു സംസ്ഥാനത്തിനും മാറിനില്‍ക്കാനാവില്ല എന്ന് കേന്ദ്രം കര്‍ക്കശ നിലപാടെടുത്തിരിക്കുകയാണിപ്പോള്‍.

Update: 2019-12-25 06:49 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെ രൂക്ഷവിമര്‍ശവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍പിആര്‍, എന്‍ആര്‍സിക്ക് മുന്നോടി തന്നെയാണെന്ന് യെച്ചൂരി ആവര്‍ത്തിച്ചു. എന്‍പിആര്‍ എന്നത് സെന്‍സസ് അല്ലെന്നും എന്‍പിആറില്‍ വീട്ടുവീഴ്ച ചെയ്യരുതെന്നും സംസ്ഥാനങ്ങള്‍ സഹകരിക്കരുതെന്നും യെച്ചൂരി പറഞ്ഞു.

2021 ലെ സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഇവ രണ്ടിനുമുള്ള വിവരശേഖരണത്തിനാണ് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തള്ളിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്.

വീടുകള്‍ കയറിയിറങ്ങിയാവും വിവരം ശേഖരിക്കുക. കൂടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ മൊബൈല്‍ ആപ്പും ഉണ്ടാകും. പൗരന്‍മാരുടെ വിവരം മാത്രമല്ല ഇന്ത്യയില്‍ ആറുമാസമായി താമസിക്കുന്ന എല്ലാവരുടെയും വിവരം ശേഖരിക്കും. മുപ്പത് ലക്ഷം പേരെ ഇതിനായി നിയോഗിക്കും. ദേശീയ പൗരത്വ രജിസ്റ്ററുമായി ഇതിന് ബന്ധമില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

എന്‍ആര്‍സിക്ക് മുന്നോടിയായാണ് ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്നതെന്ന പ്രചാരണം വന്നതോടെയാണ് കേരളവും പശ്ചിമബംഗാളും ഇത് നിര്‍ത്തിവച്ചത്. എന്നാല്‍ ഒരു സംസ്ഥാനത്തിനും മാറിനില്‍ക്കാനാവില്ല എന്ന് കേന്ദ്രം കര്‍ക്കശ നിലപാടെടുത്തിരിക്കുകയാണിപ്പോള്‍.

Tags:    

Similar News