''കള്ളക്കേസുകള്‍ പെരുകുന്നു''; ഗാര്‍ഹിക പീഡന-സ്ത്രീധന നിരോധന നിയമ ദുരുപയോഗം തടയണമെന്ന് സുപ്രിംകോടതി
സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് പല നിയമങ്ങളും രാജ്യത്ത് നടപ്പാക്കുന്നത്. എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക് അനീതിയായി മാറാന്‍ പാടില്ല.
ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചുവരുകയാണെന്ന് സുപ്രിംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ കള്ളക്കേസുകള്‍ നല്‍കുന്നുവെന്നും കോടതി വിമര്‍ശിച്ചു. തമിഴ്‌നാട്ടിലെ ജോളാര്‍പേട്ടിലെ റെയില്‍വേ ഉദ്യോഗസ്ഥനായ ബോംബൈ സ്വദേശിയായ ഭര്‍ത്താവിനും കുടുംബത്തിനും എതിരേ ഭാര്യ നല്‍കിയ കേസ് പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
''ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരേയുള്ള വൈരാഗ്യം തീര്‍ക്കാന്‍ നിയമം ഉപയോഗിക്കരുത്. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ പലപ്പോഴും കേസ് എടുക്കാറുണ്ട്. ഇത് അനുവദിക്കാനാകില്ല. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് പല നിയമങ്ങളും രാജ്യത്ത് നടപ്പാക്കുന്നത്. എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക് അനീതിയായി മാറാന്‍ പാടില്ല. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരേ ജാഗ്രത വേണം''-കോടതി വ്യക്തമാക്കി. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ തെളിവുകള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്നും മതിയായ തെളിവുകള്‍ ഇല്ലെന്നു കണ്ടാല്‍ ഉടന്‍ തള്ളണമെന്നും കീഴ്‌ക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
2022ല്‍ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും മൂന്ന് സഹോദരിമാര്‍ക്കും എതിരേ പോലിസ് കേസെടുത്തിരുന്നു. എന്നാല്‍, ബേംബെ ഹൈക്കോടതി കേസ് തള്ളി. ഇതിനെതിരെയാണ് ഭാര്യ സുപ്രിംകോടതിയിലെത്തിയത്.