പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി: വോട്ടിങ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ട്രംപ് ഉത്തരവിട്ടു; രേഖകള്‍ പുറത്ത്

2020 ഡിസംബര്‍ 16നാണ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത്. ഡിഫന്‍സ് സെക്രട്ടറി അടിയന്തരമായി എല്ലാ വോട്ടിങ് മെഷിനുകളും പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് മൂന്ന് പേജുള്ള ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ ഉത്തരവില്‍ ആരും ഒപ്പുവെച്ചിരുന്നില്ല.

Update: 2022-01-22 09:21 GMT

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ വോട്ടിങ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി റിപോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് നല്‍കിയ ഉത്തരവാണ് പുറത്തുവന്നത്.

2020 ഡിസംബര്‍ 16നാണ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത്. ഡിഫന്‍സ് സെക്രട്ടറി അടിയന്തരമായി എല്ലാ വോട്ടിങ് മെഷിനുകളും പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് മൂന്ന് പേജുള്ള ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ ഉത്തരവില്‍ ആരും ഒപ്പുവെച്ചിരുന്നില്ല.

നാഷണല്‍ ആര്‍ക്കവ്‌സ് പുറത്തുവിട്ട രേഖ പൊളിറ്റിക്കോ ആണ് പ്രസിദ്ധീകരിച്ചത്. വോട്ടെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അധികാരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ട്രംപ് പല നീക്കങ്ങളും നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷവും തോല്‍വി അംഗീകരിക്കാന്‍ ട്രംപ് തയാറായിരുന്നുമില്ല. തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതാണ് താന്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ടീമും ആരോപണം ഉന്നയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അമേരിക്കന്‍ കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തിലും ആക്രമണത്തിലും നിരവധി പേര്‍കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും ചേരുമ്പോഴാണ് ട്രംപ് അനുകൂലികള്‍ ഇരച്ചെത്തി കലാപം അഴിച്ചുവിട്ടത്.

Tags:    

Similar News