വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ട: കേന്ദ്രം സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടെന്ന് കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചു. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രിം കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും കേന്ദ്രം വ്യക്തമാക്കി. നിയമപരമല്ല, സാമൂഹികപരമായ പ്രശ്‌നമാണ് വൈവാഹിക ബലാത്സംഗമെന്നും ശരിയായ കൂടിയാലോചനകള്‍ നടത്താതെയോ എല്ലാം സംസ്ഥാനങ്ങളുടെയും അഭിപ്രായം കണക്കിലെടുക്കാതെയോ ഈ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും സുപ്രികോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
ദാമ്പത്യത്തില്‍ ലൈംഗിക ബന്ധം പ്രതീക്ഷിക്കും. പക്ഷേ, പങ്കാളിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കാനുള്ള അവകാശം ഭര്‍ത്താവിനില്ല. എന്നാല്‍ മറ്റു ബലാല്‍സംഗക്കേസുകളില്‍ സ്വീകരിക്കുന്ന കര്‍ശനനിയമങ്ങള്‍ ഈ വിഷയത്തില്‍ സ്വീകരിച്ചാല്‍ അത് വിവാഹ ബന്ധത്തെ അസ്ഥിരപ്പെടുത്തും. വൈവാഹിക പീഡനത്തില്‍ ബലാല്‍സംഗ വിരുദ്ധ നിയമപ്രകാരം ഒരാളെ ശിക്ഷിക്കുന്നത് അതിരു കടന്നതാണെന്നും കേന്ദ്രം പറഞ്ഞു.
വിവാഹ ബന്ധത്തില്‍ സ്ത്രീയുടെ സമ്മതം സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. വിവാഹിതരായ സ്ത്രീകളോടുള്ള ക്രൂരതയ്ക്ക് ശിക്ഷ നല്‍കുന്ന നിയമനടപടികളും ഇതില്‍ ഉള്‍പ്പെടുന്നു. വിവാഹിതരായ സ്ത്രീകളെ സഹായിക്കുന്ന 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തെ പറ്റിയും കേന്ദ്രം സുപ്രിം കോടതിയില്‍ പറഞ്ഞു.