തെല്‍ അവീവ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യുഎസില്‍ നിന്നും കുടിയേറിയ 82,700 ജൂതന്‍മാര്‍ 2024ല്‍ ഇസ്രായേലില്‍ നിന്ന് പലായനം ചെയ്‌തെന്ന് റിപോര്‍ട്ട്. ഗസ അധിനിവേശവും ഹിസ്ബുല്ലയുടെ ആക്രമണമുണ്ടാവുമെന്ന ഭീതിയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് കാരണമെന്ന്് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിലെ സമ്പന്നമായ വടക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് 43 ശതമാനം പേരും സ്വന്തം നാട്ടിലേക്ക് തിരികെ പോയിരിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സക്കു ശേഷം 1,17,000 പേരാണ് രാജ്യം വിട്ടുപോയത്.
അതേസമയം, ഇസ്രായേലിലേക്ക് പുതുതായി കുടിയേറുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായും ഇസ്രായേലിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പറയുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 18,000 പേരുടെ കുറവാണ് ഉണ്ടായത്. ഇസ്രായേലിലെ ജനസംഖ്യാവളര്‍ച്ചയിലും 2024ല്‍ വലിയ കുറവുണ്ടായി. 2023ല്‍ 1. 60 ശതമാനമായിരുന്ന ജനസംഖ്യാവളര്‍ച്ച 1.1 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.
എന്നാല്‍, ചരിത്രത്തില്‍ ആദ്യമായി ഇസ്രായേലിലെ ജനസംഖ്യ ഒരു കോടിയില്‍ എത്തി. രാജ്യത്ത് ഒരു വര്‍ഷത്തില്‍ അധികമായി സ്ഥിരമായി താമസിക്കുന്ന 2,16,000 വിദേശികളും ഇതില്‍ ഉള്‍പ്പെടുന്നു. ജനസംഖ്യയുടെ 76.9 ശതമാനം ജൂതന്‍മാരാണ്. 21 ശതമാനം അറബ് ജനതയാണ്. രണ്ടു ശതമാനം അറബ് ഇതര ക്രിസ്ത്യാനികളാണ്.
2024ല്‍ 1,81,000 കുട്ടികളാണ് ഇസ്രായേലില്‍ ജനിച്ചത്. ഇതില്‍ 76 ശതമാനം പേരും ജൂതകുടുംബങ്ങളിലാണ് ജനിച്ചത്. 2024ല്‍ 51,400 പേര്‍ മരിക്കുകയും ചെയ്തു. മരണനിരക്ക് 2023നേക്കാള്‍ 1,800 എണ്ണം കൂടുതലാണ്. ഇതില്‍ ഗസയിലും ലബ്‌നാനിലും കൊല്ലപ്പെട്ട 1870 സൈനികരും ഉള്‍പ്പെടുന്നു. ജനനവും മരണവും തമ്മിലുള്ള വിടവ് 1,12,000 ആണ്.
ജൂതരാഷ്ട്രത്തിന്റെ ക്രൂരതകള്‍ മൂലം യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ഇസ്രായേല്‍ വിരുദ്ധത നിരവധി ജൂതന്‍മാരെ ഇസ്രായേലിലേക്ക് പോവാന്‍ പ്രേരിപ്പിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇസ്രായേലിലെ സ്ഥിതി അതിലും മോശമായതിനാല്‍ പിടിച്ചു നില്‍ക്കാന്‍ പലരും പ്രയാസപ്പെടുകയാണ്.
ഇസ്രായേലെ വായുസേനയിലെ അംഗമായിരുന്ന നതാലി ഡെല്ല എന്ന 31കാരി ന്യൂസിലാന്‍ഡിലേക്കാണ് കുടിയേറിയത്. യുദ്ധം ഇസ്രായേലിന് ഒഴിവാക്കാനാവാത്ത കാര്യമാണെന്നും സുരക്ഷയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നതാലി കുടിയേറിയത്. തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി ഫലസ്തീനികള്‍ നടത്തിയ ആക്രമണത്തെ ചെറുക്കാന്‍ എട്ടു മണിക്കൂര്‍ എടുത്തെന്നും ബന്ദികളെ തിരികെ കൊണ്ടുവരാന്‍ സാധിച്ചില്ലെന്നും സര്‍ക്കാരിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നുമാണ് കഴിഞ്ഞ പത്തുവര്‍ഷം സൈന്യത്തില്‍ പ്രവര്‍ത്തിച്ച നതാലി പറയുന്നത്. ''ശമ്പളം വാങ്ങാന്‍ വേണ്ടി മാത്രം ഞാന്‍ ജീവിക്കുകയായിരുന്നു. കിട്ടുന്ന ശമ്പളം മുഴുവന്‍ വാടകയായും മറ്റു ബില്ലുകളായും പോയി. മിസൈല്‍ വരുന്നതിന്റെ സൈറണുകളും ഭയവും നിത്യസംഭവമായിരുന്നു. എങ്ങിനെയാണ് അങ്ങനെയൊരു പ്രദേശത്ത് ജീവിക്കുക''-നതാലി പറയുന്നു