ഇത് കാര്‍ഷിക നയത്തിന്റെ മാത്രം പ്രശ്‌നമല്ല; സായുധ ദേശീയതയാണ്; ഇടപെടാതിരിക്കാനാവില്ലെന്ന് മീന ഹാരിസ്
'ഇത് ആഗോള സ്വേച്ഛാധിപത്യമാണ്. നിങ്ങളുടെ കാര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എന്നോട് പറയരുത്. ഇവയെല്ലാം ഞങ്ങളുടെ കൂടി പ്രശ്‌നങ്ങളാണ്'. മീന ഹാരിസ് ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ മോദി ഭരണകൂടത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധുവും എഴുത്തുകാരിയുമായ മീന ഹാരിസ്. 'ഇത് കാര്‍ഷിക നയത്തിന്റെ മാത്രം പ്രശ്‌നമല്ല, ന്യൂനപക്ഷ പീഡനത്തിന്റേത് കൂടിയാണ്. ഇത് പോലിസ് അതിക്രമവും സായുധ ദേശീയതയും, തൊഴില്‍ അവകാശങ്ങള്‍ക്കുമേലുള്ള കയ്യേറ്റവുമാണ്. ഇത് ആഗോള സ്വേച്ഛാധിപത്യമാണ്. നിങ്ങളുടെ കാര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എന്നോട് പറയരുത്. ഇവയെല്ലാം ഞങ്ങളുടെ കൂടി പ്രശ്‌നങ്ങളാണ്'. മീന ഹാരിസ് ട്വീറ്റ് ചെയ്തു.
തന്നെ നിശ്ശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും കര്‍ഷകരെ ഇനിയും പിന്തുണയ്ക്കുമെന്നും മീന ഹാരിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട 'വിദേശ' ട്വീറ്റുകളില്‍ ഇന്ത്യയില്‍ ഉയര്‍ന്ന വിവാദങ്ങളോടാണ് മീനയുടെ പ്രതികരണം.
'ഭയപ്പെടുത്താനാകില്ല. നിശ്ശബ്ദമാക്കാനും' എന്നാണ് അവരുടെ കുറിപ്പ്. കര്‍ഷകരുടെ സമാധാനപരമായ പ്രതിഷേധത്തിന് ഒപ്പം നില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് എഴുത്തുകാരി കൂടിയായ മീന വിഷയത്തില്‍ പ്രതികരിക്കുന്നത്.
'ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു. നമ്മള്‍ അതിനു വേണ്ടി സംസാരിച്ചു. ഇപ്പോഴിതാ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്. ഇത് യാദൃച്ഛികമല്ല, ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് വിച്ഛേദങ്ങളും കര്‍ഷക പ്രതിഷേധക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങളും അന്യായമാണ്' എന്നായിരുന്നു മീന ഹാരിസിന്റെ ആദ്യ ട്വീറ്റ്.
പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് എന്നിവര്‍ക്കൊപ്പമാണ് മീനയും വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. ഈ ട്വീറ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരും സംഘപരിവാര കേന്ദ്രങ്ങളും രംഗത്തു വന്നിരുന്നു. സച്ചിന്‍ അടക്കമുള്ള നിരവധി സെലിബ്രിറ്റികളും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ആഭ്യന്തര വിഷയങ്ങള്‍ ഇന്ത്യയ്ക്ക് പരിഹരിക്കാന്‍ അറിയാം എന്നായിരുന്നു ഇവരുടെ ട്വീറ്റുകള്‍.