ജനത്തെ ആശങ്കയിലാഴ്ത്തി അതിവേഗ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ ഭരണാനുമതിക്ക്
വടകരയിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെയാണ് പാത കടന്നുപോവുന്നത്
പയ്യോളി: കേരള റെയില്‍വേ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്(കെ റെയില്‍) സംരംഭമായ നിര്‍ദ്ദിഷ്ട അര്‍ധ അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയായ 'സില്‍വല്‍ ലൈന്‍' ഭരണാനുമതിക്കായി തയ്യാറാവുന്നു. പാത പൂര്‍ത്തിയാവുന്നതോടെ കാസര്‍കോഡ് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കേവലം നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താനാവുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിന്റെ സാധ്യതാ പഠനവും വിശദമായ പദ്ധതിരേഖയും(ഡിപിആര്‍) പൂര്‍ത്തിയാക്കിയ ശേഷം റെയില്‍വെയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയുടെയും നീതി ആയോഗിന്റെയും ഭരണാനുമതി ലഭിച്ചാല്‍ മാത്രമേ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയുള്ളൂ. 2025ല്‍ പണി പൂര്‍ത്തിയാവുന്ന പദ്ധതിക്ക് 64,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വടക്കന്‍ ജില്ലകളില്‍ നിലവിലെ പാതയ്ക്കു സമാന്തരമായാണ് നിര്‍ദിഷ്ട അര്‍ധ അതിവേഗപാത പണിയുകയെന്ന് കെ റെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും സ്ഥിതി വ്യത്യസ്തമാണ്. പാത കൊയിലാണ്ടി പിന്നിട്ടശേഷം മൂടാടിയെത്തുമ്പോള്‍ നിലവിലെ റെയില്‍പാതയ്ക്കു മുകളിലൂടെ മുറിച്ചുകടന്ന് നാല് കിലോമീറ്ററോളം കിഴക്കോട്ട് മാറിയാണ് കെ റെയില്‍ കടന്ന് പോവുന്നതെന്നാണ് ഡിപിആര്‍ പ്രകാരം വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് ജനവാസ മേഖലയായ നന്തി കെല്‍ട്രോണ്‍ പരിസരം, ചിങ്ങപുരം, പുറക്കാട് പറോല്‍ നട തുടങ്ങിയ സ്ഥലങ്ങളിലൂടെ പള്ളിക്കര, നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രം വഴി പയ്യോളി, കീഴൂര്‍ ഭാഗത്ത് കൂടെയാണ് പാത കടന്നുപോവുന്നത്. മൂലംതോട്, അയനിക്കാട് പാലേരിമുക്ക് വഴി ഇരിങ്ങല്‍ കോട്ടയില്‍ ക്ഷേത്രത്തിന് സമീപം മഞ്ചയില്‍ കടവ് വഴി കുറ്റിയാടി പുഴയ്ക്കു കുറുകെയാണ് വടകര ഭാഗത്തേക്ക് പ്രവേശിക്കുന്നത്. വടകരയിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെയാണ് പാത കടന്നുപോവുന്നത്. പാത പിന്നീട് മടപ്പള്ളിക്കടുത്താണ് നിലവിലെ പാതയുമായി വീണ്ടും സമാന്തരമായി പോവുന്നത്.
തിക്കോടി ഗ്രാമപ്പഞ്ചായത്തിലെയും പയ്യോളി നഗരസഭയിലെയും ജനവാസ കേന്ദ്രങ്ങളെ കൂടാതെ, ഏക്കര്‍ കണക്കിന് വയല്‍പ്പാടങ്ങളുടെയും ചതുപ്പ് നിലങ്ങളിലൂടെയുമാണ് റെയില്‍പാത പണിയാനുള്ള നീക്കം നടക്കുന്നത്. ഇത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കും. കൂടാതെ പാതനിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിക്കും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും എത്രത്തോളം നാശനഷ്ടങ്ങളുണ്ടാവുമെന്ന് സര്‍ക്കാര്‍ കണക്കാക്കിയിട്ടില്ലെന്നതാണ് ജനങ്ങളുടെ ആശങ്ക വര്‍ധിക്കാന്‍ കാരണം. എന്നാല്‍ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായാണ് പാത നിര്‍മിക്കുകയെന്ന് കെ റെയില്‍ കോര്‍പറേഷന്‍ അവകാശപ്പെടുന്നു.
ചിലയിടങ്ങളില്‍ പദ്ധതി അലൈന്‍മെന്റിന്റെ ഭാഗമായി സര്‍വേ കല്ലുകള്‍ പാകിയിട്ടുണ്ട്. തിക്കോടി പുറക്കാട് റോഡിലെ മോസ്‌കോ ബസ് സ്‌റ്റോപ്പിനു സമീപം പറോല്‍നടയിലെ റോഡരികില്‍ ഇത്തരത്തില്‍ സര്‍വേ കല്ല് പാകിയിട്ടുണ്ട്. 2019 ഒക്ടോബര്‍ രണ്ടിനാണ് കല്ല് പതിച്ചതായി രേഖപ്പെടുത്തിയട്ടുള്ളതെങ്കിലും കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലിന് മുകളില്‍ പെയിന്റടിച്ച് നമ്പറിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. കൊവിഡ് കാലത്ത് പോലും രാത്രിസമയത്ത് ഇത്തരം പ്രവൃത്തികള്‍ നടത്തുന്നതില്‍ നാട്ടുകാരിലും അമര്‍ഷമുണ്ട്. ഫ്രാന്‍സിലെ പാരീസ് ആസ്ഥാനമായ സിസ്ട്ര ജിസി കമ്പനിയാണ് കെ റെയിലിന്റെ ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ലോഗോ ക്ഷണിച്ച് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.