13 മാസം തടവറയില്‍ കഴിഞ്ഞിട്ടും പുഞ്ചിരി മാഞ്ഞിട്ടില്ല; ഉമര്‍ ഖാലിദ് പുതിയ തലമുറയുടെ പ്രചോദനമെന്ന് കുനാല്‍ കമ്ര
ന്യൂഡല്‍ഹി: ബിജെപി ഭരണകൂടം അന്യായമായി മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ചിട്ടും വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്റെ പുഞ്ചിരി മാഞ്ഞിട്ടില്ല, അദ്ദേഹം പുതിയ തലമുറയുടെ പ്രചോദനമാണെന്ന് സ്റ്റാഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ഉമര്‍ ഖാലിദിന്റെ പുഞ്ചിരിച്ചു കൊണ്ടുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചാണ് കുനാല്‍ കമ്രയുടെ കുറിപ്പ്.
'13 മാസം, ഇപ്പോഴും പുഞ്ചിരിക്കുന്നു, ഇപ്പോഴും സ്‌നേഹിക്കുന്നു, ഇപ്പോഴും പോസിറ്റീവ് ആയിരിക്കുന്നു, വായിക്കുന്നു, എഴുതുന്നു, കോപമില്ല, ആശങ്കയില്ല, തകര്‍ന്നു പോയിട്ടില്ല. ഡോ. ഉമര്‍ ഖാലിദ് പുതിയ തലമുറക്ക് ഏറ്റവും പ്രചോദനമായ ഇന്ത്യക്കാരനാണ്'. കുനാല്‍ കമ്ര ഫേസ്ബുക്കില്‍ കുറിച്ചു.
ഡല്‍ഹി കലാപ കേസില്‍ പ്രതി ചേര്‍ത്താണ് ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദ് ഉള്‍പ്പെടെ നിരവധി യുവാക്കള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കലാപത്തിന് പിന്നിലെ 'വലിയ ഗൂഢാലോചന' യെക്കുറിച്ച് അന്വേഷിക്കാന്‍ പോലിസ് യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
2020 ലെ എഫ്‌ഐആര്‍ 59 അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഐപിസി സെക്ഷനുകള്‍ 302 (കൊലപാതകം) 153 എ (മതസ്പര്‍ധ വളര്‍ത്തല്‍), 124 എ (രാജ്യദ്രോഹം) എന്നിവയും ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന 'വര്‍ഗീയ കലാപ സംഭവങ്ങള്‍' ഉമര്‍ ഖാലിദും മറ്റുള്ളവരും 'മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്' എന്നതാണ് പോലിസ് പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ തെരുവിലിറങ്ങി റോഡുകള്‍ തടയണമെന്നും പൗരന്മാരോട് അഭ്യര്‍ത്ഥിച്ചുവെന്നും ആരോപിക്കപ്പെടുന്നതായും എഫ്‌ഐആറില്‍ പറയുന്നു. ഇന്ത്യയില്‍ മത ന്യൂന പക്ഷങ്ങള്‍ നേരിടുന്ന പീഢനങ്ങളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിന് ട്രംപിനെ തടയുന്നതിലൂടെ സാധിക്കുമെന്ന് ഖാലിദ് പറഞ്ഞതായും ആരോപിക്കപ്പെടുന്നു.
'ഗൂഢാലോചന നടപ്പിലാക്കാന്‍' ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍, സാക്ഷി മൊഴികള്‍, ഇന്ത്യയ്ക്കകത്തും വിദേശത്തുനിന്നും പണം സ്വീകരിച്ചതിന്റെ തെളിവുകള്‍ എന്നിവ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചതായും പോലിസ് അവകാശപ്പെടുന്നു.
യുഎപിഎയുടെ 13, 16, 17, 18 എന്നീ വകുപ്പുകള്‍ പിന്നീട് കേസില്‍ ചേര്‍ത്തു. നിയമവിരുദ്ധമായ പ്രവര്‍ത്തനത്തെയാണ് ഈ നിയമം നിര്‍വചിക്കുന്നത്.