ഡോ. വന്ദനയുടെ സംസ്‌കാരം ഇന്ന് രണ്ടിന് മുട്ടുചിറയിലെ വീട്ടുവളപ്പില്‍
പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്.
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. രാത്രി എട്ട് മണിയോടെ മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി.
കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. രാത്രി 8.05ന് പട്ടാളമുക്കിനു സമീപത്തെ വീട്ടില്‍ മൃതദേഹം എത്തിക്കുമ്പോള്‍ നാടൊന്നാകെ കാത്തുനിന്നിരുന്നു. വീടിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ കിടത്തി. മൃതദേഹം എത്തിച്ച ആംബുലന്‍സില്‍നിന്ന് അച്ഛന്‍ മോഹന്‍ദാസും അമ്മ വസന്തകുമാരിയും പുറത്തിറങ്ങിയപ്പോള്‍ ആശ്വസിപ്പിക്കാനായി അടുത്തെത്തിയ ബന്ധുക്കള്‍ക്കും കരച്ചിലടക്കാനായില്ല. രാത്രി വൈകിയും അന്തിമോപചാരമര്‍പ്പിക്കുന്നവരുടെ നീണ്ട നിര കാണാമായിരുന്നു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്. പൊലീസുകാരടക്കം കുത്തേറ്റ 5 പേര്‍ ചികിത്സയിലാണ്. ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച നെടുമ്പന ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപിനെ (42) കോടതി റിമാന്‍ഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു.