നിലമ്പൂര്‍: നാടകനടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി(83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാവിലെ 11ഓടെയാണ് ആയിരുന്നു അന്ത്യം. 1980ലെ മികച്ചസഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രമുഖ നാടക കലാകാരനായിരുന്ന നിലമ്പൂര്‍ ബാലന്റെ പത്‌നിയാണ്. മക്കള്‍: വിജയകുമാര്‍, ആശ, സന്തോഷ് കുമാര്‍. മരുമക്കള്‍: കാര്‍ത്തികേയന്‍, അനിത, മിനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.
നിലമ്പൂര്‍ യുവജന കലാസമിതിക്കുവേണ്ടി അവര്‍ നാടകരംഗത്ത് ഒന്നിച്ചഭിനയിച്ചിരുന്നു. പിന്നീട് ദമ്പതികള്‍ ഒരുമിച്ച് 'കളിത്തറ' എന്ന പേരില്‍ ഒരു നാടകസമിതി തുടങ്ങി. ശ്രദ്ധേയമായ നിരവധി നാടകങ്ങള്‍ സംഭാവന ചെയ്തിരുന്നു. കോഴിക്കോട് മ്യൂസിക്കല്‍ തിയേറ്റേഴ്‌സ്, കായംകുളം പീപ്പിള്‍സ് തിയറ്റേഴ്‌സ്, മലബാര്‍ തിയേറ്റേഴ്‌സ്, സംഗമം തിയേറ്റേഴ്‌സ്, കലിംഗ തിയേറ്റേഴ്‌സ് തുടങ്ങിയ സമിതികളിലെ സജീവ സാന്നിധ്യമായിരുന്നു. നിര്‍മാല്യം, സൂര്യകാന്തി, ബന്ധനം, അന്യരുടെ ഭൂമി, പോക്കുവെയില്‍, കഥയ്ക്കു പിന്നില്‍, ഒരേതൂവല്‍ പക്ഷികള്‍, തീര്‍ഥാടനം, അമ്മക്കിളിക്കൂട്, കൈയൊപ്പ് മുതലായ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.