ലഹരി മാഫിയയിലെ പ്രധാനകണ്ണി അറസ്റ്റില്‍; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്

കോഴിക്കോട്: 58 ഗ്രാം എംഡിഎംഎയുമായി ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി കോവൂരില്‍ പിടിയിലായി. താമരശ്ശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താന്‍ ആണ് പിടിയിലായത്. കോവൂര്‍-ഇരിങ്ങാടന്‍ പള്ളി റോഡില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
താമരശ്ശേരി, കൊടുവള്ളി മേഖലയില്‍ വ്യാപകമായി എംഡിഎംഎ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോലിസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത് കൂടിയാണ് മിര്‍ഷാദെന്നാണ് വിവരം. ഇയാളുടെ കൈയില്‍നിന്നും വാങ്ങിയ എംഡിഎംഎയാണ് ഷാനിദ് പോലിസിനെ കണ്ട് വിഴുങ്ങിയതെന്നാണ് സംശയം.
ലഹരിക്ക് അടിമപ്പെട്ട് ഉമ്മയെ കൊന്ന ആഷിഖ്, ഭാര്യയെ കൊന്ന യാസിര്‍ എന്നിവരുമായും പ്രതിക്കു ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം. ബംഗളൂരുവിലെ ലഹരി മാഫിയയുമായി ബന്ധമുള്ള ഇയാള്‍ക്ക് നിരവധി രാസലഹരി വില്‍പനക്കാരുമായി ബന്ധമുണ്ട്. കിലോക്കണക്കിനു രാസലഹരി എത്തിച്ച് വിതരണം ചെയ്യാന്‍ സാധിക്കുന്ന ആളാണ് മിര്‍ഷാദെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.