ലോകത്തെ ഏറ്റവും വലിയ കൊവിഡ് പരിശോധന ലാബുമായി ദുബയ് വിമാനത്താവളം
വിമാനത്താവളത്തില്‍ വന്നിറിങ്ങുന്ന മുഴുവന്‍ യാത്രക്കാരുടേയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ദുബയ്: കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി അത്യാധുനിക സൗകര്യങ്ങളോടെ ലോകത്തിലെ ഏറ്റവും വലിയ ലാബ് ഒരുക്കി ദുബയ് വിമാനത്താവളം. വിമാനത്താവളത്തില്‍ വന്നിറിങ്ങുന്ന മുഴുവന്‍ യാത്രക്കാരുടേയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും ലാബ് പ്രവര്‍ത്തിക്കുമെന്ന് വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദുബയ് ആരോഗ്യ വിഭാഗവും പ്യുവര്‍ ഹെല്‍ത്തും സഹകരിച്ചാണ് ലാബ് ആരംഭിച്ചത്. ടെര്‍മിനില്‍ 2 വിന് സമീപത്തായി ഒരുക്കിയ ലാബിന് 20,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ദിവസവും 100,000 സാംപിളുകള്‍ വരെ പരിശോധിക്കാന്‍ ലാബിന് ശേഷിയുണ്ട്. നെഗറ്റീവ്, പോസിറ്റീവ് പ്രഷര്‍ റൂമുകള്‍ സജ്ജമാക്കിയിരിക്കുന്ന ലാബില്‍ നിന്നുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമിലേക്ക് വേഗത്തില്‍ എത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ഹബ് എന്ന നിലയില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഇവിടെ വേനല്‍ക്കാല അവധി ദിനങ്ങളിലും അല്ലാതെയും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ ആവശ്യമായ ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിച്ച് വിമാനത്താവള യാത്ര സുരക്ഷിതവും സുഗമവും ആക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ദുബയ് വിമാനത്താവള ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു.
ദുബയിലെത്തുന്ന യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പ്രതിരോധ, സുരക്ഷാ നടപടിക്രമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനും ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ സഹാകരമാകുമെന്ന് ദുബയ് ആരോഗ്യ വിഭാഗം (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ അവദ് സാഗീര്‍ അല്‍ കെറ്റ്ബി പറഞ്ഞു.