ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി
ദുബായ്: ദുബായ് കെഎംസിസിയിലെ വിഭാഗീയതയില്‍ നടപടിയുമായി മുസ്‌ലിം ലീഗ്. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇബ്രാഹിം എളേറ്റിനെതിരെ മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. വിഷയങ്ങളില്‍ അന്വേഷണം നടക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ പ്രധാന പ്രവാസി സംഘടനയായ ദുബൈ കെഎംസിസിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് ഇബ്രാഹിം എളേറ്റിലിനെതിരായ മുസ്‌ലിം ലീഗ് നേതൃത്തിന്റെ നടപടി.
സാദിഖലി തങ്ങള്‍ കഴിഞ്ഞ 24ന് ദുബൈയിലെത്തിയപ്പോള്‍ നടത്തിയ പരിപാടിയില്‍ ഇബ്രാഹിം എളേറ്റിലിനെ അവഗണിച്ചതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ എളേറ്റിലിനെ അനുകൂലിക്കുന്ന രണ്ട് നേതാക്കളെ നേതൃത്വം താക്കീത് ചെയ്യുകയും ചെയ്തു. എളേറ്റിലിനെതിരായ നടപടി ദുബൈ കെഎംസിസിയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇബ്രാഹിമിനെതിരായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.