ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാകിസ്താന്‍ പൗരന് ദുബായ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആധിയ (48), ഭാര്യ വിധി ആധിയ (40) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ നിര്‍മാണ തൊഴിലാളിയായ 26 കാരനാണ് വധശിക്ഷ ലഭിച്ചത്. 2020 ജൂണ്‍ 17 ന് രാത്രി അറേബ്യന്‍ റാന്‍ചസ് മിറാഡോര്‍ കമ്യൂണിറ്റിയിലെ ദമ്പതികളുടെ വില്ലയിലായിരുന്നു ദമ്പദികളെ കൊലപ്പെടുത്തിയത്. ദമ്പതികളുടെ വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂര്‍ ഒളിച്ചു നിന്നശേഷമായിരുന്നു പ്രതി വീടിന്റെ നടുമുറ്റത്തെ വാതിലിലൂടെ അകത്തേയ്ക്ക് നുഴഞ്ഞുകയറി കൃത്യം നിര്‍വഹിച്ചത്.
2019 ഡിസംബറില്‍ വില്ലയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കണ്ട പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിക്കാന്‍ പ്രതി നേരത്തെ പദ്ധതിയിട്ടിരുന്നു. സംഭവ ദിവസം രാത്രി വിളക്കുകള്‍ അണഞ്ഞതിന് ശേഷം വില്ലയില്‍ കയറി ആദ്യം താഴത്തെ നിലയില്‍ പഴ്‌സില്‍ സൂക്ഷിച്ചിരുന്ന 1,965 ദിര്‍ഹം മോഷ്ടിച്ചു. പിന്നീട് കൂടുതല്‍ അന്വേഷിച്ച് മുകള്‍ നിലയിലേയ്ക്ക് ചെന്നു. കട്ടിലിനരികിലുള്ള മേശവലിപ്പ് തുറക്കുന്ന ശബ്ദം കേട്ട് വിധി ഉണര്‍ന്നപ്പോള്‍ പ്രതി ആദ്യം ഹിരണിനെയും പിന്നീട് വിധിയെയും കൊലപ്പെടുത്തുകയായിരുന്നു.
ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ പ്രകാരം വിധിയുടെ തലയിലും നെഞ്ചിലും വയറിലും ഇടത് തോളിലും പത്തു തവണ കുത്തേറ്റിരുന്നു. ഹിരണിന്റെ തല, കഴുത്ത്, നെഞ്ച്, മുഖം, ചെവി, വലതു കൈ എന്നിവിടങ്ങളില്‍ 14 തവണയും കുത്തേറ്റു. തുടര്‍ന്ന് അക്രമി കിടപ്പുമുറിക്ക് പുറത്തേയ്ക്ക് പാഞ്ഞുകയറിയപ്പോള്‍, ആ സമയത്ത് ദമ്പതികളുടെ 18 വയസ്സുള്ള മകളെ കാണുകയും അവരുടെയും കഴുത്തില്‍ കുത്തി ഗുരുതര പരുക്കേല്‍പ്പിക്കുകയും ചെയ്തു. അവിടെ തന്നെയുണ്ടായിരുന്ന ഇളയ സഹോദരിയായ 15കാരി ഭയാനകമായ കുറ്റകൃത്യം നേരിട്ട് കണ്ടിരുന്നു. കുത്തേറ്റ മൂത്ത മകളാണ് പോലിസിനെയും ഹിരണിന്റെ സുഹൃത്തിനെയും ഫോണിലൂടെ വിവരമറിയിച്ചത്.
വില്ലയുടെ ഭിത്തിയില്‍ നിന്ന് രക്തം പുരണ്ട കൈമുദ്രയും ഹിരണും വിധിയും കിടന്നിടത്ത് പോലിസ് പ്രതിയുടെ മുഖംമൂടിയും അതില്‍ രക്തക്കറയും കണ്ടെത്തി. ഇത് പ്രതിയുടെ ഡിഎന്‍എയുമായി പരിശോധനയില്‍ പൊരുത്തപ്പെട്ടതായി കണ്ടെത്തി. വില്ലയില്‍ നിന്ന് 500 മീറ്റര്‍ അകലെ നിന്ന് കത്തിയും കണ്ടെടുത്തു.
സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഷാര്‍ജയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ആസൂത്രിതമായാണ് ദമ്പതികളെ കൊന്നതെന്ന് പ്രതി സമ്മതിച്ചു. മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങളും പ്രതി സമ്മതിച്ചു. കൊലപാതകത്തിന് മൂന്നു ദിവസം മുമ്പ് പാകിസ്താനിലുള്ള തന്റെ അമ്മയ്ക്ക് അസുഖം വന്നിരുന്നുവെന്നും പണമില്ലാത്തതിനാല്‍ താന്‍ നിരാശനായിരുന്നുവെന്നും മൊഴി നല്‍കി.
2020 നവംബറില്‍ പ്രതി കോടതിയില്‍ ഹാജരായപ്പോള്‍, മൊഴി മാറ്റുകയും എല്ലാ കുറ്റങ്ങളും നിഷേധിക്കുകയും ചെയ്തു. എന്നാല്‍, കൊല്ലപ്പെട്ടവരുടെ മകളുടെ മൊഴി നിര്‍ണായകമായി.
ഹിരണ്‍ ആധിയ-വിധി ആധിയ ദമ്പതികളുടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ അനുവദിച്ചിരുന്നു. മക്കള്‍ക്ക് ദുബായില്‍ വിദ്യാഭ്യാസം നല്‍കണമെന്ന ഹിരണിന്റെ ആഗ്രഹം നിറവേറ്റുന്നതിനായി അവരുടെ വിദ്യാഭ്യാസവും താമസസൗകര്യവും പൂര്‍ണമായി ഏറ്റെടുക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (ജിഡിആര്‍എഫ്എ) ദുബായ് പോലിസും 2020 നവംബറില്‍ അറിയിച്ചു.
ഇവരോടൊപ്പം ദുബായില്‍ താമസിക്കുന്ന അവരുടെ അമ്മൂമ്മമാര്‍ക്കും പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ഗോള്‍ഡന്‍ വീസ നല്‍കിയിട്ടുണ്ട്. നികത്താനാവാത്ത നഷ്ടമാണ് അവര്‍ക്ക് സംഭവിച്ചത്. ദുബായ് സര്‍ക്കാര്‍ അവരോട് കാണിക്കുന്ന ദയക്കും കാരുണ്യത്തിനും വളരെയധികം നന്ദിയുണ്ടെന്ന് ഇവരുടെ ബന്ധു പറഞ്ഞു.