ട്രാഫിക് നിയമം പാലിച്ചാല്‍ 1000 ദിര്‍ഹം സമ്മാനം; പ്രഖ്യാപനവുമായി ദുബയ് ആര്‍ടിഎ

Update: 2023-03-09 02:13 GMT

ദുബയ്: ട്രാഫിക് നിയമം പാലിക്കുന്ന ഇ- സ്‌കൂട്ടര്‍, സൈക്കിള്‍ യാത്രക്കാര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). റോഡില്‍ മുഴുവന്‍ നിയമങ്ങളും പാലിച്ച് യാത്രചെയ്യുന്ന 20 പേരെ തിരഞ്ഞെടുത്താണ് സമ്മാനം നല്‍കുക. ഒരോരുത്തര്‍ക്കും 1000 ദിര്‍ഹം (22,315 രൂപ) വീതമാണ് നല്‍കുന്നത്. 'ദ സേഫ് റൈഡര്‍' എന്ന പേരിലാണ് ട്രാഫിക് ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പരിപാടി നടത്തുന്നത്.

മാര്‍ച്ച് 12 വരെ നടക്കുന്ന ഗള്‍ഫ് ട്രാഫിക് വീക്ക്- 2023ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, ഏത് ദിവസങ്ങളിലാണ് അധികൃതര്‍ വിജയികളെ കണ്ടെത്തുന്നതിന് പരിശോധന നടത്തുകയെന്ന് വ്യക്തമല്ല. ആയിരക്കണക്കിനാളുകള്‍ ദുബയില്‍ ഇ- സ്‌കൂട്ടറുകളും സൈക്കിളുകളുമായി ദിവസവും നിരത്തിലിറങ്ങുന്നുണ്ട്. പങ്കെടുക്കുന്നവര്‍ യോഗ്യത നേടുന്നതിന് എല്ലാ ട്രാഫിക് സുരക്ഷാ നിയമങ്ങളും പാലിക്കണം- ആര്‍ടിഎ പറഞ്ഞു.

Tags:    

Similar News