യെദ്യൂരപ്പയുടെ കാലത്ത് കൊവിഡ് ഫണ്ടില്‍ തിരിമറി; 1000 കോടി മറിച്ചു

Update: 2024-09-06 06:51 GMT

ബെംഗളൂരു: ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊവിഡ് ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡിക്കുഞ്ഞ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇത് കൂടാതെ യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പല ഫയലുകളും കാണാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷയം ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ടിലുള്ള വിവരങ്ങള്‍ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. മുഡ കുംഭകോണം, മഹര്‍ഷി വാല്‍മീകി എസ് ടി കോര്‍പറേഷന്‍ ഫണ്ട് തിരിമറിയടക്കം ഉയര്‍ത്തി സര്‍ക്കാരിനെതിരെ ബിജെപി പ്രക്ഷോഭമഴിച്ചുവിടുമ്പോള്‍ ജസ്റ്റിസ് ഡിക്കുഞ്ഞ റിപ്പോര്‍ട്ട് ബിജെപിക്കെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡിക്കുഞ്ഞ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിച്ച കാലത്ത് കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നത് ബി എസ് യെദ്യൂരപ്പയാണ്. കൊവിഡ് കാലത്ത് സംസ്ഥാനത്ത് വിനിയോഗിച്ചത് 13,000 കോടി രൂപയാണ്. ഇതില്‍ ആയിരത്തോളം കോടി രൂപയില്‍ തിരിമറി നടന്നതായാണ് ജസ്റ്റിസ് ജോണ്‍ മൈക്കിളിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതേപ്പറ്റി ഔദ്യോഗിക രേഖകളിലൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. കൊവിഡ് കാലത്ത് മരുന്നുകളും ചികിത്സാ ഉപകരണങ്ങളും വാങ്ങിയതിലും ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യമാക്കിയതിലും ക്രമക്കേട് നടന്നതായാണ് ആരോപണം. നിലവിലെ ചിക്കബല്ലാപുര എംപി ഡോ. കെ സുധാകരന്‍ ആയിരുന്നു അന്നത്തെ ആരോഗ്യമന്ത്രി.

2023 ഓഗസ്റ്റിലാണ് റിട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡിക്കുഞ്ഞയെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. കമ്മീഷന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ആറ് മാസത്തേയ്ക്ക് സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയ ശേഷം വരുന്ന പാര്‍മെന്റ് സമ്മേളനത്തിന് മുന്നോടിയായി സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.


Tags:    

Similar News