ലോക്ക് ഡൗണ്‍ ലംഘിച്ച് ഡിവൈഎഫ്‌ഐയുടെ കൊയ്ത്തുത്സവം; പത്തു പേര്‍ അറസ്റ്റില്‍
ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്‌ഐ നേതാക്കളും ഉള്‍പ്പടെ 100ഓളം പേരാണ് കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തത്.
കൊല്ലം: കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെ ലോക്ക്ഡൗണ്‍ ലംഘിച്ച് ഡിവൈഎഫ്‌ഐ നടത്തിയ കൊയ്ത്തുത്സവം വിവാദമായതിന് പിന്നാലെ പത്തു പേര്‍ അറസ്റ്റില്‍. 70ഓളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്‌ഐ നേതാക്കളും ഉള്‍പ്പടെ 100ഓളം പേരാണ് കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തത്.
മാസ്‌ക് ധരിക്കുകയോ ഒരു മീറ്റര്‍ അകലം പാലിക്കുകയോ ചെയ്യാതെ ആയിരുന്നു കൊയ്ത്തു നടത്തിയത്. എന്നാല്‍ പോലിസാ ആരോഗ്യപ്രവര്‍ത്തകരോ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവം വിവാദമായതോടെയാണ് പോലിസ് കേസെടുത്തത്. പുറത്തുനിന്നെത്തിയവര്‍ ഉള്‍പ്പെടെ 200പേര്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന സ്ഥലമാണ് പോരുവഴി.
മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാല്‍ ഏലായിലെ അഞ്ചേക്കര്‍ പാടത്ത് ഇവിടത്തെ രണ്ട് കുടുംബശ്രീ ജെഎല്‍ജി. ഗ്രൂപ്പുകളാണ് നെല്‍ക്കൃഷിയിറക്കിയത്. ഇതില്‍ ഐശ്വര്യ ഗ്രൂപ്പിന്റെ കുറച്ച് നെല്ല് കൊയ്യാന്‍ പാകമായി. കുടുംബശ്രീക്കാര്‍ സ്വന്തമായി കൊയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതറിഞ്ഞ ഡിവൈഎഫ്‌ഐ നേതൃത്വം കൊയ്ത്ത് ഏറ്റെടുക്കുകയായിരുന്നു.