വ്‌ലോഗര്‍മാരുടെ അറസ്റ്റില്‍ കലാപ ആഹ്വാനം: കൊല്ലത്ത് യുവാവ് അറസ്റ്റില്‍
കാവനാട് കന്നിമേല്‍ച്ചേരി കളിയില്‍ത്തറയില്‍ റിച്ചാര്‍ഡ് റിച്ചുവിനെ(29)യാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം: കണ്ണൂരിലെ യൂ ട്യൂബ് വ്‌ലോഗര്‍മാരെ അറസ്റ്റ് ചെയ്തതില്‍ പോലിസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും സമൂഹ മാധ്യമത്തലൂടെ അസഭ്യം പറഞ്ഞ യുവാവ് കൊല്ലത്ത് അറസ്റ്റില്‍. കാവനാട് കന്നിമേല്‍ച്ചേരി കളിയില്‍ത്തറയില്‍ റിച്ചാര്‍ഡ് റിച്ചുവിനെ(29)യാണ് അറസ്റ്റ് ചെയ്തത്. നേരത്തേ എയര്‍ ഗണ്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദം സൃഷ്ടിച്ച ആളാണ് റിച്ചാര്‍ഡ്.
ഇബുള്‍ ജെറ്റിനെ അറസ്റ്റ് ചെയ്ത സംഭവം പോലിസിന് അപമാനമാണെന്നും വാഹനം കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ആരാണ് അധികാരം കൊടുത്തതെന്നും ചോദിച്ചു തുടങ്ങുന്ന വീഡിയോയില്‍ ഉദ്യോഗസ്ഥര്‍ക്കും വകുപ്പിനുമെതിരെ അശ്ശീല പ്രയോഗങ്ങളുമുണ്ട്. ഇവരെ വെറുതേ വിടരുതെന്നും വീഡിയോയില്‍ പറയുന്നു.
ഫെയിസ് ബുക്കില്‍ പങ്കുവച്ച വീഡിയോ വിമര്‍ശനമുയര്‍ന്നതോടെ പിന്‍വലിച്ചെങ്കിലും മറ്റു നിരവധി പേര്‍ ഈ വീഡിയോ പങ്കുവച്ചിരുന്നു. ഇയാള്‍ക്കെതിരേ അസഭ്യം പറഞ്ഞതിന് പുറമേ കലാപാഹ്വാനത്തിനും കേസുണ്ട്. വീഡിയോ പങ്കുവച്ചവര്‍ക്കെതിരേയും കേസുണ്ടാകുമെന്നും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്നും പോലിസ് പറഞ്ഞു.
അതേസമയം, അതേസമയം, ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരായ സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചു. എബിന്‍, ലിബിന്‍ എന്നിവര്‍ക്കാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.