ഡല്‍ഹി കലാപം: ജയിലിലുള്ള എഎപി കൗണ്‍സിലറുടെ അംഗത്വം റദ്ദാക്കാന്‍ നീക്കം

Update: 2020-08-27 17:55 GMT

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ് ലിം വിരുദ്ധ കലാപത്തിനിടെ ഐബി ഓഫിസര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കപ്പെട്ട ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌ന്റെ കൗണ്‍സിലര്‍ സ്ഥാനം റദ്ദാക്കാന്‍ നീക്കം. ബിജെപി നേതൃത്വത്തിലുള്ള ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനാണ് മുനിസിപ്പല്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് താഹിര്‍ ഹുസൈന്റെ ഇഡിഎംസി അംഗത്വം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കേസില്‍ അറസ്റ്റിലായതോടെ ആം ആദ്മി പാര്‍ട്ടി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയ കേസിലാണ് ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നെഹ്റു വിഹാര്‍ വാര്‍ഡ് കൗണ്‍സിലറായ താഹിര്‍ ഹുസയ്‌നെ

    മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തത്. മുനിസിപ്പല്‍ ചട്ടം പ്രകാരം കോര്‍പറേഷന്റെ അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്നുമാസം ഒരംഗം ഒരു യോഗത്തിനും ഹാജരായില്ലെങ്കില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കാമെന്ന് മുനിസിപ്പല്‍ സെക്രട്ടറിയുടെ ഓഫിസിലെ മുതിര്‍ന്ന ഇഡിഎംസി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നിര്‍ദേശം ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയയ്ക്കും.

    തന്റെ ഓഫിസിലോ മുനിസിപ്പല്‍ സെക്രട്ടറിയുടെ ഓഫിസിലോ താഹിര്‍ ഹുസയ്‌ന്റെ അഭിഭാഷകരില്‍ നിന്നോ കുടുംബത്തില്‍ നിന്നോ അദ്ദേഹം പങ്കെടുക്കാത്തതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു കിഴക്കന്‍ ഡല്‍ഹി മേയര്‍ നിര്‍മല്‍ ജെയിന്‍ പറഞ്ഞു. 'അദ്ദേഹം ജയിലിലാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ, ഓരോ മീറ്റിങ്ങിനും മുമ്പായി ഞങ്ങള്‍ ക്ഷണക്കത്തിന്റെയും അജണ്ടയുടെയും ഒരു പകര്‍പ്പ് അദ്ദേഹത്തിന്റെ ഓഫിസിലേക്ക് അയച്ചിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല. അതിനാല്‍ ഡിഎംസി നിയമങ്ങള്‍ ബാധകമാക്കിയെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍(ഡിഎംസി) നിയമത്തിലെ സെക്്ഷന്‍ 33(2) പ്രകാരമാണ് നടപടി. അംഗത്വം അവസാനിപ്പിക്കാനുള്ള നിര്‍ദേശം ബുധനാഴ്ച നടന്ന യോഗത്തില്‍ പാസ്സാക്കിയതായും അദ്ദേഹം പറഞ്ഞു. താഹിര്‍ ഹുസയ്ന്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.

East Delhi Municipal Body Proposes Ending Jailed Tahir Hussain's Membership



Tags:    

Similar News