ഐബി ഉദ്യോഗസ്ഥന്റെ മരണം: താഹിര്‍ ഹുസൈനെ നാലുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
കലാപത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുന്നതിന് താഹില്‍ ഹുസൈനെ കസ്റ്റഡിയില്‍ വിട്ടുകിട്ടേണ്ടത് ആവശ്യമാണെന്ന് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ മുന്‍ എഎപി നേതാവ് താഹിര്‍ ഹുസൈനെ ഡല്‍ഹി കോടതി നാലുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും നാലുദിവസത്തെ കസ്റ്റഡിയാണ് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പവന്‍ സിങ് രാജാവത്ത് അനുവദിച്ചത്. കലാപത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തുന്നതിന് താഹില്‍ ഹുസൈനെ കസ്റ്റഡിയില്‍ വിട്ടുകിട്ടേണ്ടത് ആവശ്യമാണെന്ന് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടു.
കൊലയ്ക്ക് പിന്നിലുള്ളവരെ തിരിച്ചറിയേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സല്‍മാന്‍ എന്ന ഹസീനെ ചോദ്യംചെയ്തിരുന്നു. എല്ലാം ഹുസൈന്റെ നിര്‍ദേശപ്രകാരമാണ് ചെയ്തതെന്നും പോലിസ് കോടതിയെ അറിയിച്ചു. എന്നാല്‍, താഹില്‍ ഹുസൈനെ പോലിസ് കസ്റ്റഡിയില്‍ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജാവേദ് അലി ശക്തമായി എതിര്‍ത്തു. പ്രതികളെ തിരിച്ചറിയുന്നതിന് ഹുസൈനെ കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
പോലിസിന് കസ്റ്റഡിയില്‍ വേണമെങ്കില്‍ ശക്തമായ തെളിവുണ്ടാവണം. ഇത് മൗലികാവകാശത്തിന്റെ പ്രശ്‌നമാണ്. ഈ മാസം അഞ്ചിനാണ് താഹിറിനെ അറസ്റ്റുചെയ്തത്. പോലിസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം നല്‍കി. സത്യം കോടതിയില്‍ തെളിയണമെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ അഴുക്കുചാലില്‍നിന്നാണ് ഐബി ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെടുത്തത്. അങ്കിതിന്റെ മരണത്തില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ കൂടിയായ താഹിര്‍ ഹുസൈന ആം ആദ്മി പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരുന്നു.