ബിജെപി പോസ്റ്ററില്‍ അഭിനന്ദന്റെ ഫോട്ടോ; ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് അഭിനന്ദന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. അഭിനന്ദന്റെ മടങ്ങിവരവ് നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമാണെന്നായിരുന്നു പോസ്റ്ററിലെ വാചകം.

Update: 2019-03-13 10:05 GMT

ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ഉള്‍പ്പെടുത്തി ബിജെപി എംഎല്‍എ പോസ്റ്റ് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് ഫേസ്ബുക്കിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ബിജെപി ഡല്‍ഹി എംഎല്‍എ ഓം പ്രകാശ് ശര്‍മ്മ ഷെയര്‍ ചെയ്ത രണ്ട് ചിത്രങ്ങങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് അഭിനന്ദന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. അഭിനന്ദന്റെ മടങ്ങിവരവ് നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമാണെന്നായിരുന്നു പോസ്റ്ററിലെ വാചകം.

ഫേസ്ബുക്ക് പബ്ലിക് പോളിസ് ഡയറക്ടര്‍ ശിവനാദ് തുക്‌റലിനാണ് പോസ്റ്റ് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പാലിക്കാന്‍ സന്നദ്ധമാണെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

ബിജെപിയുടെ പോസ്റ്ററില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ഉള്‍പ്പെടുത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ താക്കീത് നല്‍കിയിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. സൈനികരുടെ ചിത്രങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചാരണത്തിന് ഉപയോഗിച്ചാല്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കി കര്‍ശന നടപടിയെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

മുന്‍ നാവികസേനാ മേധാവി എല്‍ രാംദാസ് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സൈനികരുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തി വോട്ടര്‍മാരെ സ്വാധിക്കാന്‍ ശ്രമിക്കുകയാണെന്നും സൈന്യത്തിന്റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും മുന്‍ നാവികസേനാ മേധാവി പരാതിയില്‍ ആരോപിച്ചിരുന്നു. പ്രതിരോധരംഗത്ത് സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് 2013 ലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.




Tags:    

Similar News