പി എം മോദി സിനിമക്ക് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് ചെയ്യരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

Update: 2019-04-10 09:35 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കുന്ന പി എം നരേന്ദ്ര മോദി എന്ന സിനിമ റിലീസ് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് ചെയ്യരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്. പി എം നരേന്ദ്ര മോദി എന്ന ചിത്രത്തെ കൂടാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും ജീവിത ചരിത്രം പറയുന്ന സിനിമകള്‍ക്കും തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് ചെയ്യുന്നതിനു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ട്. പി എം നരേന്ദ്ര മോദി എന്ന സിനിമ വ്യാഴാഴ്ച തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

സിനിമ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അമന്‍ പന്‍വറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സതീഷ് ഗെയ്ക്വാദും സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ആവശ്യപ്പെട്ടാണ് സുപ്രിംകോടതി ഹര്‍ജി തള്ളിയത്. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ചിത്രമെന്നായിരുന്നു പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയില്‍ നേരത്തെ കമ്മീഷന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസയിച്ചിരുന്നു.വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്തിരുന്നത്. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.

Tags:    

Similar News