സാമ്പത്തിക സര്‍വേയുടെ മറവില്‍ വിവരശേഖരണം: കേന്ദ്ര സര്‍ക്കാരിന്റെ ദുരൂഹനീക്കം തടയണമെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2020-12-23 13:05 GMT

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെ നോക്കുകുത്തിയാക്കി പൗരന്‍മാരുടെ വിവരശേഖരണം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദുരൂഹനീക്കം തടയണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. സാമ്പത്തിക സര്‍വേയുടെ മറപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡിജിറ്റല്‍ സേവന കേന്ദ്രമായ കമ്മ്യൂണിറ്റി സര്‍വീസ് സെന്ററുകള്‍ വഴി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്. പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഏജന്‍സികളെ ഒഴിവാക്കിയുള്ള കേന്ദ്രത്തിന്റെ ഇടപെടല്‍ ദുരൂഹത ഉയര്‍ത്തുന്നതാണ്.

    സാമ്പത്തിക സര്‍വേയെന്ന പേരില്‍ നടത്തുന്ന സര്‍വേയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉള്‍പ്പെടുന്നതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പൗരത്വ നിഷേധത്തിനെതിരേ നിലകൊള്ളുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഇത്തരമൊരു ദുരൂഹ സര്‍വേ തടയാന്‍ നടപടി സ്വീകരിക്കണം.

    കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ തീരുന്ന മുറയ്ക്ക് പൗരത്വ നിയമവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നീങ്ങുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരൂഹത ഉയര്‍ത്തുന്ന വിവരശേഖരണം സംസ്ഥാനത്ത് ആരംഭിച്ചത്. വിവിധ ജില്ലകളില്‍ ഇത്തരത്തില്‍ വിവരശേഖരണം നടക്കുന്നുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. രഹസ്യമായി സൂക്ഷിക്കേണ്ട പൗരന്‍മാരുടെ വിവരങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്നിരിക്കെ ആരുടെ അറിവോടെയാണ് കേരളത്തില്‍ ഇത്തരമൊരു സര്‍വേയ്ക്ക് അനുമതി നല്‍കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. കൊവിഡ് രോഗികളുടെ വിവരശേഖരണവുമായി അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്പ്രിങ്ഗ്ലറിനെ ചുമതലപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി തടഞ്ഞിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെ അതേ സര്‍ക്കാരിനെ നോക്കുകുത്തിയാക്കിയാക്കിയാണ് കമ്മ്യൂണിറ്റി സെന്ററുകള്‍ വഴി പൗരന്‍മാരുടെ വിവരങ്ങള്‍ കേന്ദ്രം ശേഖരിക്കുന്നത്.

    കേവലം ഡിജിറ്റല്‍ സര്‍വീസ് മാത്രം നടത്തുന്ന ഇത്തരം സെന്ററുകളെ സാമ്പത്തിക സര്‍വേ പോലെയുള്ള സുപ്രധാന ഉത്തരവാദിത്തം ഏല്‍പ്പിച്ചതും സംശയാസ്പദമാണ്. ശേഖരിക്കുന്ന വിവരങ്ങള്‍ പല കേന്ദ്രങ്ങള്‍ വഴി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണ്. ഈയൊരു ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വ്യക്തത വരുന്നതുവരെ സര്‍വേ നടപടികളോട് ജനങ്ങള്‍ നിസ്സഹകരണം പ്രഖ്യാപിക്കണം. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിനൊപ്പം ദുരൂഹത ഉയര്‍ത്തുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ വിവരശേഖരണങ്ങള്‍ തടയുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.


Tags:    

Similar News