സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഇന്ത്യന്‍ വംശജനും ഭാര്യയ്ക്കും യുഎസ് ശാസ്ത്രജ്ഞനും

918,000 അമേരിക്കന്‍ ഡോളറും സ്വര്‍ണമെഡലുമടങ്ങുന്ന പുരസ്‌കാരം മൂവരും പങ്കുവയ്ക്കും

Update: 2019-10-14 13:28 GMT

സ്‌റ്റോക്ക്‌ഹോം: 2019ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയും ഭാര്യയും അമേരിക്കന്‍ ശാസ്ത്രജ്ഞനുമുള്‍പ്പെടെ മൂന്നുപേര്‍ പങ്കിട്ടു. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ അഭിജിത് ബാനര്‍ജി, ഭാര്യ ഫ്രഞ്ച്-യുഎസ് സ്വദേശിനി എസ്തര്‍ ഡഫ്‌ലോ, അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ മൈക്കിള്‍ ക്രെമര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ആഗോള ദാരിദ്ര്യ നിര്‍മാജനത്തിനുള്ള പുതിയ പരീക്ഷണ പദ്ധതികള്‍ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കിയത്. ഇതോടെ, സാമ്പത്തിക ശാസ്ത്ര നൊബേല്‍ ലഭിക്കുന്ന ആദ്യ ദമ്പതികള്‍ എന്ന റെക്കോഡ് അഭിജിത് ബാനര്‍ജി-എസ്തര്‍ ദമ്പതികള്‍ നേടി.

    മുംബൈയില്‍ ജനിച്ച അഭിജിത് ബാനര്‍ജി നിലവില്‍ മസാച്ച്യുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറാണ്. കൊല്‍ക്കത്തയിലാണ് കുടുംബം താമസിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണമായിരുന്ന ന്യായ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ അഭിജിത് ബാനര്‍ജിയുടെ കരങ്ങളുണ്ട്. രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് ന്യൂനതം ആയോജ് യോജന(ന്യായ്) പദ്ധതി. 1961ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി സൗത്ത് പോയിന്റ് സ്‌കൂളിലും പ്രസിഡന്‍സി കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1983ല്‍ ജെഎന്‍യുവില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1988ല്‍ ഹാവഡ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി സ്വന്തമാക്കിയത്. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 

    പാരിസില്‍ ജനിച്ച എസ്തര്‍ ഡഫ്‌ലോ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേശക സംഘാംഗമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ അര നൂറ്റാണ്ടിനിടെ നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ്. 918,000 അമേരിക്കന്‍ ഡോളറും സ്വര്‍ണമെഡലുമടങ്ങുന്ന പുരസ്‌കാരം മൂവരും പങ്കുവയ്ക്കും.






Tags:    

Similar News