തുണി വ്യവസായവും പ്രതിസന്ധിയിൽ; ജോലി നഷ്ടമാകുക 3കോടി പേർക്ക്, പത്രപരസ്യവുമായി വ്യവസായികൾ
സർക്കാർ ഇടപെട്ടില്ലെങ്കിൽ മൂന്നു കോടി ജനങ്ങൾക്ക് ഉടൻ തൊഴിൽ നഷ്ടമാകുമെന്നും രാജ്യത്തെ കാർഷിക മേഖലക്കു സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും സംഘടന പരസ്യത്തിൽ മുന്നറിയിപ്പ് നൽകുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതികളും ചുങ്കവും താങ്ങാൻ കഴിയുന്നില്ലെന്നും പരസ്യത്തിലുണ്ട്.
മുംബൈ: രാജ്യത്തെ തുണിമില്ല് വ്യവസായം വൻ പ്രതിസന്ധിയിലായതോടെ സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനായി പത്രത്തിൽ പരസ്യം നൽകി വ്യവസായികളുടെ സംഘടന. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ രണ്ടാം പേജിൽ ബുധനാഴ്ചയാണ് നോർത്തേണ്‍ ഇന്ത്യ ടെക്സ്റ്റൈൽ മിൽസ് അസോസിയേഷൻ (എൻഐടിഎംഎ) പരസ്യം നൽകിയത്. രാജ്യത്തെ തുണി വ്യവസായത്തെ രക്ഷിക്കണമെന്നാണ് മുഴുപേജ് പരസ്യത്തിന്റെ ഉള്ളടക്കം. മില്ലുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയാണ്. പത്തു കോടിയോളം പേർ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന വ്യവസായമാണ് ഇത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ മൂന്നു കോടി ജനങ്ങൾക്ക് ഉടൻ തൊഴിൽ നഷ്ടമാകുമെന്നും രാജ്യത്തെ കാർഷിക മേഖലക്കു സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും സംഘടന പരസ്യത്തിൽ മുന്നറിയിപ്പ് നൽകുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതികളും ചുങ്കവും താങ്ങാൻ കഴിയുന്നില്ലെന്നും പരസ്യത്തിലുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ തങ്ങൾ പിന്നിലാകാൻ ഇതു കാരണമാകുന്നു. പലിശനിരക്ക് വൻ ഉയരത്തിലാണ്. അസംസ്കൃത വസ്തുക്കളുടെ വില കുതിക്കുകയാണെന്നും ഇക്കാരണത്താൽ തങ്ങളുടെ വ്യവസായമേഖല നിഷ്ക്രിയ ആസ്തിയാവാതെ പോവാനും ശ്രദ്ധിക്കണമെന്നും പരസ്യത്തിൽ പറയുന്നു. ഒപ്പം ഇറക്കുമതി വര്‍ധിക്കുകയാണ് കുറഞ്ഞ നിലയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും തുണിയും നൂലും രാജ്യത്ത് എത്തുന്നു എന്നും പരസ്യം കുറ്റപ്പെടുത്തുന്നു.
രാജ്യത്തിലെ വിവിധ മേഖലകളില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് തുണി വ്യവസായത്തെയും ബാധിച്ചത് എന്നാണ് പത്ര പരസ്യം ചൂണ്ടി കാണിക്കുന്നത്.
നേരത്തെ വാഹനവിപണിയിലും അനുബന്ധമേഖലയിലും സാമ്പത്തിക മാന്ദ്യം കാരണം വിദേശ,സ്വദേശി കമ്പനികള്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടിരുന്നു. ലക്ഷകണക്കിന് വാഹനങ്ങളാണ് രാജ്യത്തിന്റെ പലഭാഗത്തും കെട്ടികിടക്കുന്നത്. കൂടാതെ ഭക്ഷ്യമേഖലയിലേക്കും സാമ്പത്തികമാന്ദ്യം കടന്നതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം രാജ്യത്തെ പ്രധാന ഭക്ഷ്യ കമ്പനിയായ പാര്‍ല തങ്ങളുടെ 10000ലധികം തൊഴിലാളികളെ ഉടൻ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.